ഇടുക്കി: രാജകുമാരിയിൽ റവന്യു ഭൂമിയിൽ പാറ ക്വാറി അനധികൃതമായി പ്രവർത്തിക്കുന്നത് ഉന്നത റവന്യു ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും ഒത്താശയോടെയെന്ന് പരിസ്ഥിതി സംഘടനകൾ. സാധാരണക്കാരന് നിർമ്മാണ നിരോധനമുള്ള മേഖലയിൽ നിന്നും ദിവസേന പൊട്ടിച്ചുകൊണ്ട് പോകുന്നത് 100 കണക്കിന് ലോഡ് കരിങ്കല്ലുകൾ ആണ്. സിപിഎം നേതാവിന്‍റെ ഉടമസ്ഥതയിലുള്ള ക്വാറിയാണ് അനധികൃതമായി പ്രവർത്തിക്കുന്നത്.
ഇടുക്കി ജില്ലയിലെ ഉടുമ്പഞ്ചോല താലൂക്കിൽ രാജകുമാരി വില്ലേജ് പരിധിയിൽ പെടുന്ന ഖജനാപാറയിലാണ് യാതൊരുവിധ അനുമതിയും ഇല്ലാതെ അനധികൃത പാറ ഖനനം നടക്കുന്നത്. മാസ് എസ്റ്റേറ്റ് ഡി ഡിവിഷനിൽ പെടുന്ന 36 ഏക്കർ സ്ഥലത്തിന് മുകൾവശത്ത് വരുന്ന റവന്യൂ ഭൂമിയിലെ പാറയാണ് ഉദ്യോഗസ്ഥ ഒത്താശയോടെ പൊട്ടിച്ചുകൊണ്ട് പോകുന്നത്. ദിവസേന 100 കണക്കിന് ലോറികളാണ് ഇവിടെനിന്ന് കരിങ്കല്ലുകളുമായി പുറത്തേക്ക് പോകുന്നത്. ആയുധധാരികളായ ആളുകളെ കാവൽ നിർത്തിയാണ് നിലവിൽ പാറ പൊട്ടിച്ചുകൊണ്ട് പോകുന്നത്. ഇവിടെ നിന്നും പോകുന്ന പാറക്കെട്ടുകൾ വൻകിട റിസോർട്ട് മാഫിയകൾക്കാണ് കൈമാറുന്നതെന്ന് ജില്ലയിലെ പരിസ്ഥിതി സംഘടനയായ ഗ്രീൻ കെയർ കേരള ജനറൽ സെക്രട്ടറി ബുൾബേന്ദ്രൻ പറയുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അനുമതിയില്ലാത്ത മേഖലയിൽ അനധികൃതമായി പാറ ഖനനം നടക്കുന്നത് സിപിഎം ഒത്താശയോടെയാണ്. രാജകുമാരിയിലെ പ്രാദേശിക സിപിഎം നേതാവിന്‍റെ ഉടമസ്ഥതയിലാണ് ക്വാറി പ്രവർത്തനം നടക്കുന്നത്.
എന്നാൽ കോടികൾ മുടക്കിയുള്ള ഈ അനധികൃത പാറ ക്വാറിക്ക് പിന്നിൽ ഉന്നത സിപിഎം നേതാക്കളുടെ ബന്ധമുണ്ടെന്ന് ആരോപണവും ഉയരുന്നു. എന്നാൽ ഇത്തരത്തിൽ നടക്കുന്ന ഖനനത്തെ പറ്റിയോ പൊട്ടിച്ച പാറകൾ പുറത്തേക്ക് കൊണ്ടുപോകുന്നതിനെപ്പറ്റിയോ അറിവില്ലെന്നാണ് പോലീസും റവന്യൂ ഉദ്യോഗസ്ഥരും പറയുന്നത്.