പാര്‍ട്ടിക്കാര്‍ക്ക് നിയമനം , ഇഷ്ടക്കാര്‍ക്ക് വാരിക്കോരി എന്നീ വിജയകരമായ സീരീസുകള്‍ക്കു ശേഷം സിപിഎം അവതരിപ്പിക്കുന്ന പുതിയ നാടകമാണ് മരുമോന് കളി. അത് അങ്ങ് ക്ളിഫ് ഹൗസില്‍ മാത്രമായിരുന്നു എന്നാണ് അറിഞ്ഞിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല എന്നാണ് സമീപകാല സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനായി റിയാസ് എത്തിയതോടെ സിപിഎമ്മിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കു മാറ്റം വന്നു എന്നു വിശ്വസിക്കുന്നവരില്‍ പാര്‍ട്ടി അനുഭാവികള്‍ പോലുമുണ്ട്. മന്ത്രിസഭയില്‍ സീനിയോരിട്ടി മറികടന്ന് റിയാസ് ആളായതോടെ പല നേതാക്കള്‍ക്കും ഒന്നുറക്കെ കരയാന്‍ പോലുമാകാതെ നിശ്ശബ്ദരാകേണ്ടി വന്നു. ഇതെല്ലാം സഹിച്ച് വിറകുവെട്ടിയും വെള്ളംകോരിയും തുടരുന്നവരുമുണ്ട്. അഥവാ അങ്ങനെയുള്ളവരാണല്ലോ ആ പാര്‍ട്ടില്‍ ഭൂരിഭാഗം പേരും.
പാര്‍ട്ടി നേതൃത്വത്തില്‍ സ്വാധീനമുറപ്പിച്ച് വിജയകരമായി തുടരുന്ന മരുമോന് കളി ഇപ്പോള്‍ താഴേ ഘടകങ്ങളിലേയ്ക്കും പടരുന്നു എന്നാണ് ഇടുക്കിയിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അവിടെ ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസും മരുമകനുമാണ് കഥാപാത്രങ്ങള്‍. ഇവര്‍ക്കെതിരേ അനധികൃത പാറഖനനത്തില്‍ അന്വേഷണം വന്നതിനു പിന്നാലെ ജില്ലാ അസിസ്റ്റന്റ് ജിയോളജിസ്റ്റുമാരെ പറപ്പിച്ചു. ദോഷം പറയരുത്, സംസ്ഥാനമൊട്ടാകെ വേറേയും കുറച്ച് ജിയോളജിസ്റ്റുകളുടെ ഇതോടൊപ്പം സ്ഥലം മാറ്റി. അപ്പോള്പൊതുവായ ഒരുമാറ്റം എന്നു പറയാമല്ലോ. ഇതൊക്കെ സഖാക്കളുടെ ഓരോരോ കളികള്‍ എന്നു മനസ്സിലാക്കാവുന്നവരാണ് കേരളത്തിലുള്ള കൊച്ചു കുട്ടികള്‍ പോലും.
ഒട്ടും വൈകാതെ ജില്ലാ സെക്രട്ടറിയുടെ വക സ്ഥിരം ന്യായീകരണം എത്തി. ഊരും പേരുമില്ലാത്ത പരാതിയാണ് …വ്യാജ പരാതിയിന്മേല് അന്വേഷിക്കുന്നതെങ്ങിനെ….ഗൂഢാലോചന… മാങ്ങാത്തൊലി. ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ നിയമപരമായും രാഷ്ട്രീയപരമായും ഇടപെടും. മരുമകന്റെ ഭാഗത്തുനിന്നു നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കു നടപടിയെടുക്കാമെന്നും ഇടുക്കി സെക്രട്ടറി നിഷ്ക്കളങ്കനായി പറഞ്ഞു. സി.വി.വര്‍ഗീസിന്റെ വീടുള്‍പ്പെടുന്ന തങ്കമണി വില്ലേജിലും സമീപത്തെ ഉപ്പുതോട് വില്ലേജിലും അനുമതി ഇല്ലാത്ത അനിയന്ത്രിത പാറഖനനം തുടരുകയാണ്. ഇവിടെ സമ്പൂര്‍ണ പാറഖനന നിരോധനം ഏര്പ്പെടുത്തണമെന്നൊക്ക ജിയോളജിസ്റ്റ് റിപ്പോര്‍ട്ട് കൊടുത്തിരുന്നെങ്കിലും ജില്ലാ ഭരണകൂടം കണ്ടഭാവം നടിച്ചില്ല. ഇതിനിടെയാണ് ഇവരെ സ്ഥലം മാറ്റിയത്.
അനധികൃത പാറഖനനം നടന്നസ്ഥലം സന്ദര്‍ശിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ സി വി വര്‍ഗ്ഗീസിന്റെ മകനും മരുമകനും എതിരായ പരാമര്‍ശമുണ്ട്. റോഡ് നിര്‍മാണത്തിന്റെ മറവിലാണ് വര്‍ഗീസിന്റെ മരുമകന് സജിത്ത് സര്‍ക്കാര്‍ ഭൂമിയിലെ പാറ പൊട്ടിച്ച് കടത്തിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2108 സ്ക്വയര്‍ മീറ്റര്‍ പാറ പൊട്ടിച്ച് കടത്തിയെന്നാണ് ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ട്. 31 മീറ്റര്‍ നീളത്തിലും ശരാശരി എട്ടര മീറ്റര്‍ വീതിയിലും എട്ടുമീറ്റര്‍ ആഴത്തിലും ഖനനം നടത്തിയിട്ടുണ്ട്. 2022 സെപ്റ്റംബറില്‍ത്തന്നെ സജിത്തിനെതിരായി നിരവധി പരാതികള്‍ കളക്ടര്‍ക്ക് കിട്ടിയിരുന്നു. സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് സജിത്ത് പാറ പൊട്ടിച്ച് കടത്തിയെന്ന് ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. പ്രശ്നത്തില്‍ തുടര്‍ നടപടികളുണ്ടായിട്ടില്ലെന്ന് കളക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
റവന്യൂ ഭൂമിയിലെ പാറയാണ് പൊട്ടിച്ച് കടത്തിയിരിക്കുന്നത് എന്നതിനാല്‍ ഭൂസംരക്ഷണ നിയമപ്രകാരവും കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് കണ്സെഷന് ആക്റ്റ് പ്രകാരവും നടപടിയെടുക്കാവുന്നതാണ്. ഉടുമ്പന്‍ചോല തഹസില്‍ദാര്‍, ഭൂരേഖ തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് നല്കിയ കത്തില്‍ സി.വി.വര്‍ഗീസ്, മകന് അമല്‍ വര്‍ഗീസ്, മരുമകന് സജിത്ത് എന്നിവരുടെ പേരുകള്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. തന്റെ ജീവന് ഭീഷണിയുള്ളതിനാല്‍ പേരു വയ്ക്കുന്നില്ലെന്ന് കളക്ടര്‍ക്കു പരാതി നല്കിയ ആള് പറയുന്നു.
ജിയോളജിസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ അന്വേഷണത്തിനുത്തരവിട്ടിരിക്കുകയാണ് ജില്ലാ കളക്ടര്‍. അനധികൃത പാറഖനനത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്ക്വാഡിനെ രൂപീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. സബ് കലക്ടര്‍മാര്‍ സ്ക്വാഡിനു നേതൃത്വം നല്‍കും. എന്നാല്‍ അന്വേഷണം സിപിഎം നേതാവിലേക്ക് നീങ്ങിയാല്‍ പണി കിട്ടുമോ എന്ന ആശങ്ക ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഈ ഉദ്യോഗസ്ഥരെ എല്ലാം സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ജിയോളജിസ്റ്റുമാരുടെ അടിയന്തര സ്ഥലംമാറ്റം. എന്തായായും മരുമകന് കളി സംസ്ഥാനത്തെ ആകെ ബാധിക്കുന്ന രീതിയിലേക്കാണ് വളരുന്നത്