മാരാരിക്കുളത്ത് അനധികൃത മരം മുറി തടഞ്ഞ് കോൺഗ്രസ്‌; പ്രതിഷേധവുമായി നാട്ടുകാർ, കേസെടുത്ത് പോലീസ്

Jaihind Webdesk
Monday, June 17, 2024

 

ആലപ്പുഴ: മാരാരിക്കുളം ചെത്തി കാറ്റാടി കടപ്പുറത്ത് റോഡ് നിര്‍മാണത്തിന്‍റെ മറവില്‍ അനധികൃത മരം മുറി തടഞ്ഞ് നാട്ടുകാരും കോണ്‍ഗ്രസ് പ്രവർത്തകരും. 27 തെങ്ങുകള്‍ മുറിച്ചു കടത്താനായിരുന്നു ശ്രമം. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തിനൊടുവില്‍ ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇന്നലെ വെെകീട്ടോടെയായിരുന്നു സംഭവം. തെങ്ങുകൾ മുറിച്ചുമാറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടികൾ  മുറിച്ച് കയറ്റിയ വാഹനം തടഞ്ഞുവെച്ചു. പഞ്ചായത്ത്‌ മെമ്പറുടെയും വൈസ് പ്രസിഡന്‍റിന്‍റെയും നിർദ്ദേശപ്രകാരമാണ് മരം മുറി നടന്നതെന്നും പൊതുമുതൽ മോഷണം നടത്തിയതിന് ഇവർക്കെതിരെ കേസെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അതേസമയം വില്ലേജ് ഓഫീസറുടെ  പരാതിയിൽ പോലീസ് ഇവർക്കെതിരെ കേസെടുത്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അർത്തുങ്കൽ പോലീസാണ് ഇവർക്കെതിരെ കേസെടുത്തത്.