അനധികൃത മദ്യക്കടത്ത്; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പാലക്കാട് പിടിയിലായി

 

പാലക്കാ‌ട്: അനധികൃത മദ്യവുമായി സിപിഎം ലോക്കൽ കമ്മിറ്റി അംഗം പിടിയിലായി. വടവന്നൂർ കുണ്ടുകാട് ചാളയ്ക്കൽ എ. സന്തോഷിനെയാണ് (54) എക്സൈസ് സംഘം പിടികൂടിയത്. ഇന്നലെ വൈകിട് 5 മണിക്കാണ് കൊല്ലങ്കോട്-പുതുനഗരം പാതയിൽ പുതുനഗരം ഗ്രാമപ്പഞ്ചായത്തോഫീസിന്‌ മുമ്പിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന 54 ലിറ്റർ മദ്യം പിടികൂടിയത്. അരലിറ്റർ വീതമുള്ള 108 കുപ്പികൾ ആറ്‌ കെയ്സുകളിലാക്കി കാറിന്‍റെ പിന്നിൽവെച്ച് കടത്താനായിരുന്നു ശ്രമം.

കുറഞ്ഞ വിലയ്ക്ക് പാലക്കാട്ടുനിന്ന് വാങ്ങി കൊല്ലങ്കോട് ഭാഗത്ത് കൂടുതൽവിലയ്ക്ക് വിൽക്കാനാണ് മദ്യം കടത്തിയത്. ഹോളോഗ്രാമോ സീലോ ഇല്ലാത്ത മദ്യമാണ് കടത്തിയത്. ഏതോ കേന്ദ്രത്തില്‍ വ്യാജമായി നിർമ്മിച്ചതാണെന്നും കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും എക്സൈസ് അധികൃതർ പറഞ്ഞു. വടവന്നൂർ ലോക്കൽ കമ്മിറ്റി അംഗവും കുണ്ടുകാട് ബ്രാഞ്ച് സെക്രട്ടറിയുമായ സന്തോഷ് 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമപ്പഞ്ചായത്ത് സ്ഥാനാർത്ഥിയായിരുന്നു.

Comments (0)
Add Comment