അനധികൃത കുടിയേറ്റക്കാർക്ക് വീണ്ടും വിലങ്ങ്! പ്രതിഷേധവുമായി കോണ്‍ഗ്രസ്

Jaihind News Bureau
Sunday, February 16, 2025

അമേരിക്കയിൽ നിന്ന് നാടുകടത്തിയ 116 ഇന്ത്യൻ കുടിയേറ്റക്കാരെ കൈയിലും കാലിലും വിലങ്ങണിയിച്ചാണ് നാട്ടിലേക്ക് തിരിച്ചയച്ചതെന്ന് സ്ഥിരീകരണം. ദൽജിത് സിംഗ് എന്ന യുവാവാണ് മാധ്യമങ്ങളോട് തുറന്നുപറഞ്ഞത്.  “വിമാനത്തിനുള്ളിലും ചങ്ങലകളും വിലങ്ങുകളും ഉണ്ടായിരുന്നു” എന്നാണ് പഞ്ചാബിലെ ഹോഷിയാർപൂരിൽ നിന്നുള്ള ദൽജിത് സിംഗ് പറഞ്ഞത്. ഇന്നലെ രാത്രിയാണ് അമേരിക്കൻ സൈനിക വിമാനം ഈ കൂട്ടത്തിൽപ്പെട്ടവരെ ഇന്ത്യയിലെത്തിച്ചത്. പ്രതിപക്ഷം സംഭവത്തെ രൂക്ഷമായി വിമർശിച്ചു. “പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം കൊണ്ടൊടുവിൽ എന്ത് ഗുണം?” എന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി ചോദിച്ചു.

അമൃത്‌സറിൽ ഇറങ്ങിയ രണ്ടാമത്തെ യു.എസ്. സൈനിക വിമാനത്തിൽ 116 പേർ ഉണ്ടായിരുന്നു. അതിൽ പഞ്ചാബിൽ നിന്നുള്ള 65 പേരും, ഹരിയാനയിൽ നിന്നുള്ള 33 പേരുമുണ്ട്. ഗുജറാത്ത് (8), ഉത്തർപ്രദേശ് (2), ഗോവ (2), മഹാരാഷ്ട്ര (2), രാജസ്ഥാൻ (2), ഹിമാചൽ പ്രദേശ് (1), ജമ്മു കശ്മീർ (1) എന്നിവിടങ്ങളിൽ നിന്നുള്ളവരും ഈ സംഘത്തില്‍ ഉൾപ്പെടുന്നു. സംസ്ഥാന സർക്കാരുകൾ ഇവർക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനിടയിൽ മൂന്നാമത്തെ വിമാനം 157 പേരുമായി ഇന്ന് രാത്രി ഇന്ത്യയിലെത്തും.

ഫെബ്രുവരി 5-ന് എത്തിയ ആദ്യ വിമാനം 104 പേരെയും 13 കുട്ടികളെയും ഉൾക്കൊള്ളുന്നതായിരുന്നു. അതിനുശേഷം നടന്ന പ്രതിഷേധങ്ങൾക്കിടയിലും അമേരിക്കയുടെ സമീപനം മാറിയില്ല. ട്രംപുമായുള്ള പ്രധാനമന്ത്രി മോദിയുടെ കൂടിക്കാഴ്ചയ്ക്കുശേഷം ഇത്തരം നാടുകടത്തലുകൾക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, വീണ്ടും സൈനിക വിമാനത്തിൽ വിലങ്ങണിയിച്ചാണ് അനധികൃത കുടിയേറ്റക്കാരെ അയച്ചത്.

മോദിയുടെ അമേരിക്കൻ നയതന്ത്രം പരാജയപ്പെട്ടിരിക്കുന്നു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത് . അനധികൃത കുടിയേറ്റക്കാരോടുള്ള സമീപനം കഠിനമായിരിക്കുമ്പോൾ, അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഇന്ത്യൻ സർക്കാരിന്‍റെ നിലപാട് എന്താണെന്നതും ചോദ്യമാകുന്നു.