കണ്ണൂർ സർവകലാശാല നിർമ്മാണ പ്രവൃത്തികൾക്ക് ഊരാളുങ്കലിന് നിയമവിരുദ്ധ കരാർ ; മൂന്ന് വർഷത്തിനിടെ നല്‍കിയത് 3 കോടി

Jaihind Webdesk
Sunday, September 19, 2021

കണ്ണൂർ  : ഊരാളുങ്കൽ സൊസൈറ്റിക്ക് കണ്ണൂർ സർവകലാശാല നിർമ്മാണ പ്രവൃത്തികൾക്ക് നിയമവിരുദ്ധമായി മുൻകൂർ തുക നൽകിയതായി വിവരാവകാശ രേഖകൾ. കണ്ണൂർ സർവകലാശാല വിവിധ നിർമ്മാണ പ്രവൃത്തികൾക്കായി നിശ്ചിത തുകയേക്കാൾ കൂടുതൽ തുക മുൻകൂറായി നൽകിയത് നിയമവിരുദ്ധമാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. 2018 ജനുവരി മുതൽ 2021 മെയ് വരെ വിവിധ പ്രവൃത്തികൾക്കായി മൂന്ന് കോടി രൂപയാണ് ഊരളുങ്കലിന് കൈമാറിയത്. സർവകലാശാലയിലെ  20 പ്രവൃത്തികൾക്കാണ് ഇത്രയും തുക നൽകിയതെന്ന് രേഖകളിൽ നിന്ന് വ്യക്തമാകുന്നു.

സർവകലാശാല സെനറ്റ് അംഗമായ ഡോ. ആർ. കെ ബിജുവിനു നൽകിയ മറുപടിയിലാണ് 20 മരാമത്ത് പ്രവൃത്തികളിലായി 3,15,34,644 രൂപ അതാത് പ്രവൃത്തികൾ തുടങ്ങുന്നതിനു മുൻപ് തന്നെ മൊബിലൈസെഷൻ അഡ്വാൻസ് ഇനത്തിൽ ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയതായി വിവരാവകാശ രേഖയിൽ വ്യക്തമാകുന്നത്. പ്രവൃത്തികൾ തുടങ്ങുന്നതിനു മുൻപ് തന്നെ മൊബിലൈസെഷൻ അഡ്വാൻസ് ഇനത്തിലാണ് 3 കോടിയിൽ അധികം രൂപ നിയമവിരുദ്ധമായി ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയത്. സർക്കാർ അധീനതയിലുള്ള ഏജൻസികൾക്ക് നിയമപ്രകാരം ഓരോ പ്രവൃത്തിയുടെയും എസ്റ്റിമേറ്റ് തുകയുടെ 20 ശതമാനം മൊബിലൈസേഷൻ അഡ്വാൻസ് ആയി നൽകാമെന്നാണ് നിയമം. പക്ഷെ ഇവിടെ എസ്റ്റിമേറ്റ് തുകയുടെ 50 ശതമാനം വരെയാണ് ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയിരിക്കുന്നത്. അതും ഒരു സഹകരണ ലിമിറ്റഡ് കമ്പനിക്ക്.

2018-ലെ ഓഡിറ്റിൽ തന്നെ നിയമവിരുദ്ധമായ ഈ നടപടി ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അത് പിന്നീടും തുടർന്നു. 2018-ൽ സിൻഡിക്കേറ്റ് തീരുമാന പ്രകാരം നൽകിയതാണെന്നാണ് സർവകലാശാലയുടെ വാദം. നിർമാണ പ്രവൃത്തികൾക്കായി ഇത്രയും തുക മൊബിലൈസേഷൻ അഡ്വാൻസ് നൽകേണ്ടതില്ല എന്ന കോടതി പരാമർശം നിലനിൽക്കേയാണ് കോടിക്കണക്കിന് രൂപ സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സൊസൈറ്റിക്ക് കൈമാറിയത്.

പ്രവൃത്തികൾ പൂർത്തിയായതിനു ശേഷം ബില്ലുകൾ നൽകുന്ന മുറയ്ക്ക് അവ പരിശോധിച്ചതിനു ശേഷമാണ് ഫണ്ട് കൈമാറേണ്ടത് എന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ചതിനാൽ പലിശയിനത്തിൽ തന്നെ സർവകലാശാലക്ക് വലിയ തുക നഷ്ടമായിരിക്കുകയാണ്. ഈ കാലയളവിൽ 20ഓളം പ്രവൃത്തികൾ ഒരേ ഏജൻസിക്ക് തന്നെ നൽകിയത് തന്നെ സംശയാസ്പദമാണ്. സർവകലാശാലയുടെ ആസ്തി സംരക്ഷിക്കാന്‍ വേണ്ടി പ്രവർത്തിക്കേണ്ട വൈസ് ചാൻസലറും സ്റ്റാറ്റ്യുട്ടറി ഓഫീസർമാരും, ഈ അഴിമതിക്ക് കൂട്ടുനിന്നിരിക്കുകയാണ്.