ഫാത്തിമ ലത്തീഫിന്‍റെ മരണം : നടപടി വൈകിയാൽ നിരാഹാര സമരത്തിലേക്ക് കടക്കാനൊരുങ്ങി ഐഐടി വിദ്യാർഥികള്‍

മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥി ഫാത്തിമ ലത്തീഫ് മരിച്ച സംഭവത്തിൽ നടപടി വൈകിയാൽ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് ഐഐടി വിദ്യാർഥികളുടെ സാംസ്‌കാരിക കൂട്ടായ്മയായ ചിന്താബാർ. നടപടി വൈകിയാൽ റിലേ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് അറിയിച്ചു. ആവശ്യമുന്നയിച്ച് വിദ്യാർഥികൾ ഡയറക്ടർക്ക് നിവേദനം നൽകി.

വിദ്യാർഥിയുടെ മരണത്തിൽ കേന്ദ്രത്തിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉടൻ റിപ്പോർട്ട് നൽകും. ഫാത്തിമയുടെ മരണത്തിൽ കൃത്യമായ അന്വേഷണം ഉറപ്പ് വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ സുബ്രഹ്മണ്യം പറഞ്ഞിരുന്നു. ഫാത്തിമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സരയൂ ഹോസ്റ്റലിലെത്തി പരിശോധന നടത്തിയ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി, ഐഐടിയിലെ അധ്യാപകരിൽ നിന്നും പ്രതികരണം തേടിയിരുന്നു. സ്ഥിതി വിലയിരുത്തി എന്നും സത്യം പുറത്ത് വരുമെന്നും ആർ സുബ്രഹ്മണ്യം വ്യക്തമാക്കി. മതപരമായ വിവേചനം നേരിട്ടെന്ന കുടുംബത്തിന്റെ ആരോപണങ്ങളിൽ അടക്കം വ്യക്തത ഉണ്ടാകും. അന്വേഷണത്തെ ബാധിക്കുന്ന ഇടപെടൽ നടത്തില്ലെന്നും അദ്ദേഹം അറിയിച്ചു.

അതെസമയം ഫാത്തിമയുടെ മരണത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി ഡൽഹിയിൽ നടന്ന സർവ്വകക്ഷിയോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ഒരു അദ്ധ്യയന വർഷത്തിൽ ചെന്നൈ ഐ ഐ റ്റിയിൽ നടന്ന ആറാമത്തെ ദുരൂഹമരണമാണിതെന്നും പ്രേമചന്ദ്രൻ എംപി പറഞ്ഞു.

ഒരാഴ്ചയ്ക്കകം കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫ് ആവശ്യപ്പെട്ടിരുന്നു.

kollamFathima LatheefIIT student suicide
Comments (0)
Add Comment