ഐ.ഐ.ടി ബോംബെയിൽ മലയാളിത്തിളക്കം; നാല് വിദ്യാർത്ഥികൾക്ക് ‘എക്സലന്‍സ് ഇൻ പി.എച്ച്.ഡി’ അവാർഡ്

Jaihind News Bureau
Saturday, August 22, 2020

 

മുംബൈ: ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ഐ.ഐ.ടി. ബോംബെയിൽ നാല് മലയാളി വിദ്യാർത്ഥികൾക്ക് മികച്ച ഗവേഷണ പ്രബന്ധങ്ങൾക്കുള്ള അവാർഡ്. 2018-2020 വർഷത്തേക്ക് പ്രഖ്യാപിച്ച ‘എക്സലന്‍സ് ഇൻ പി.എച്ച്.ഡി’ അവാർഡിനാണ്  വിദ്യാർത്ഥികൾ അർഹരായത്.

ഗണിതശാസ്ത്ര വിഭാഗത്തിൽ നിന്നും ആലപ്പുഴ മാവേലിക്കര സ്വദേശിയായ ദേവിക എസും മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ കണ്ണൂർ കരിവെള്ളൂർ സ്വദേശി സൂരജ് പടിഞ്ഞാറ്റയിലും, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യൽ സയൻസ് വിഭാഗത്തിൽ രൂപേഷ് ഒ.ബിയും, എയറോസ്പേസ് എഞ്ചിനിയറിങ്ങിൽ തൃശൂർ നെല്ലക്കര സ്വദേശി സംഗീത് സൈമണുമാണ് ഈ നേട്ടത്തിന് അർഹരായ മലയാളികൾ.

സംഖ്യാരീതികൾ ഉപയോഗിച്ച് എലിപ്റ്റിക് ഡിഫറൻഷ്യൽ സമവാക്യത്തിൽ നടത്തിയ ഗവേഷണത്തിനാണ് ദേവിക അവാർഡിന് അർഹയായത്. ഫ്ലൂയിഡ് മെക്കാനിക്സുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സൂരജിന്‍റെ ഗവേഷണ പ്രബന്ധം. കേരളത്തിലെ അമ്പലങ്ങളും അതുമായി ബന്ധപ്പെട്ട പൊതുമണ്ഡല രൂപീകരണവും സംബന്ധിച്ച പഠനത്തിനാണ് രൂപേഷ് അവാർഡിന് അർഹനായത്. ഷോക്ക് ഇൻസ്റ്റബിലിറ്റിയിലാണ് സംഗീതിന്‍റെ ഗവേഷണ പ്രബന്ധം.