രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ കൊടിയിറങ്ങും

Jaihind Webdesk
Wednesday, December 12, 2018

IFFK-Signature-Film

ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ കൊടിയിറങ്ങും. ഇന്ന് മേളയിൽ നടക്കുന്നത് പത്തു മത്സര ചിത്രങ്ങളുടെ പ്രദർശനം അടക്കം 65 മത്സര ചിത്രങ്ങളുടെ പ്രദർശനം.

11 വിഭാഗങ്ങളിലായി 300 ലധികം പ്രദർശനങ്ങൾ ഒരുക്കിയ ചലച്ചിത്ര മേളയ്ക്കാണ് നാളെ തിരശീല വീഴുന്നത്. പരാതികൾക്കും സംഘർഷങ്ങൾക്കും ഉപരിയായി പ്രദർശിപ്പിച്ച ചിത്രങ്ങളുടെ മികവുകൊണ്ട് ശ്രദ്ധേയമായ മേളകളിൽ ഒന്നു കൂടിയായിരുന്നു ഇത്തവണത്തേത്. ഇന്ന് മലയാള സിനിമ വിഭാഗത്തിൽ കോട്ടയം, ഓന്ത് മയാനദി, പറവ, ഹ്യൂമെൻസ് ഓഫ് സംവൺ എന്നീ ചിത്രങ്ങളുടെയും മത്സര ചിത്രങ്ങളിലെ 10 ചിത്രങ്ങളുടെയും അവസാന പ്രദർശനവും ലോക സിനിമ വിഭാഗത്തിൽ 25 ചിത്രങ്ങളുടെ പ്രദർശനവുമാണ് നടക്കുന്നത്. ഇന്ന് പ്രേക്ഷകർ കാത്തിരുന്ന റിമ ദാസിന്റെ അസമിയ ചിത്രം ബുൾ ബുൾ കാൻ സിംങിന്റെ ആദ്യ പ്രദർശനം നിള തീയറ്ററിൽ നടന്നു. ഗ്രാമീണ ജീവിതത്തിലെ വൈരുധ്യങ്ങളെ കുറിച്ചും സ്ത്രീ പുരുഷൻ ബന്ധങ്ങൾക്ക് സമൂഹം കല്പിച്ച കണിശമായ അതിവരമ്പുകളെക്കുറിച്ചും പറയുന്ന ചിത്രം മറ്റു ചലച്ചിത്ര മേളകളിലെന്നപോലെ ഇരുപത്തി മൂന്നാമത് ഐ എഫ് കെ യിലും മികച്ച പ്രതികരണം നേടി.

ടോറോണ്ടോ, മുംബൈ, സിംഗപ്പൂർ ഇന്റർനാഷണൽ ചലച്ചിത്ര മേളകളിലെ പ്രദർശനത്തിനു ശേഷമാണ് റിമ ദാസിന്റെ ബുൾബുൾ കാൻ സിംഗ് ഐ എഫ് കെ യിൽ പ്രദർശനത്തിന് എത്തിയത്. കഴിഞ്ഞ കൊല്ലം ഐ എഫ് കെ യിൽ പ്രദർശിപ്പിച്ച റിമ ദാസിന്റെ വില്ലേജ് റോക്ക്സ്റ്റാർ ഏറെ പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും പിടിച്ചു പറ്റിയിരുന്നു. അതുകൊണ്ടുതന്നെ പ്രേക്ഷകർ ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരുന്നത്.