ഫ്രഞ്ച് ഓപ്പണിൽ ചരിത്രം കുറിച്ച് ഇഗ സ്യാംതെക്

Jaihind News Bureau
Saturday, October 10, 2020

ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിതാ വിഭാഗത്തിൽ പോളണ്ടിൽനിന്നുള്ള പത്തൊമ്പതുകാരി ഇഗ സ്യാംതെകിന് കിരീടം. യുഎസിന്‍റെ സോഫിയ കെനിനെ വീഴ്ത്തിയാണ് കന്നി ഫൈനലിൽ ഇഗ സ്യാംതെക് കിരീടത്തിൽ മുത്തമിട്ടത്. ഗ്രാൻസ്‌ലാം കിരീടം സ്വന്തമാക്കുന്ന ആദ്യ പോളണ്ടുകാരിയാണ് ഇഗ.

ഒരു സെറ്റു പോലും നഷ്ടമാക്കാതെയാണ് കിരീടനേട്ടം എന്നതും ഇഗയുടെ വിജയത്തിന്‍റെ പ്രത്യേകതയാണ്. 2007ൽ ജസ്റ്റിൻ ഹെനിനു ശേഷം ഒരു സെറ്റു പോലും നഷ്ടമാക്കാതെ കിരീടം ചൂടുന്ന ആദ്യ വനിതാ താരം എന്ന നേട്ടവും ഈ 19കാരി സ്വന്തമാക്കി. ലോക റാങ്കിങ്ങിൽ അമ്പത്തിനാലാം സ്ഥാനക്കാരിയായ ഇഗ, നേരിട്ടുള്ള സെറ്റുകൾക്കാണ് ആറാം റാങ്കുകാരിയായ സോഫിയയെ തോൽപ്പിച്ചത്. സ്കോർ: 6–4, 6–1. ഇതോടെ ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗത്തിൽ കിരീടം നേടുന്ന രണ്ടാമത്തെ സീഡില്ലാ താരം എന്ന നേട്ടവും ഇഗ സ്വന്തമാക്കി. മൂന്നു വർഷം മുൻപ് ഫ്രഞ്ച് ഓപ്പൺ നേടിയ ലാത്വിയൻ താരം ജെലേന ഒസ്ടാപെൻകോയാണ് ആദ്യ സീഡില്ലാ ജേതാവ്.

വനിതാ വിഭാഗത്തിൽ കിരീടം ചൂടുന്ന പ്രായം കുറ‍ഞ്ഞ നാലാമത്തെ താരമാണ് ഇഗ. 1992ൽ മോണിക്ക സെലസ് കിരീടം ചൂടിയശേഷം ഫ്രഞ്ച് ഓപ്പൺ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും. മോണിക്ക സെലസ് (16), അരാൻട്സ്ക സാഞ്ചസ് (17), സ്റ്റെഫി ഗ്രാഫ് (17) എന്നിവരാണ് ഇഗയേക്കാൾ ചെറുപ്പത്തിൽ ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ വനിതകൾ.

2008ൽ ഓസ്ട്രേലിയൻ ഓപ്പണിൽ മരിയ ഷറപ്പോവയും അന്ന ഇവാനോവിച്ചും ഏറ്റുമുട്ടിയശേഷം 21 വയസ്സുകാരിയും അതിനു താഴെ പ്രായമുള്ള താരവും ഗ്രാൻസ്‌ലാം ഫൈനലിൽ നേർക്കുനേരെ എത്തിയതും ഇതാദ്യമായിരുന്നു.