27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. www.iffk.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താം. വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയും പൊതു ജനങ്ങള്‍ക്ക് 1000 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്ട്രേഷന്‍ നടത്താം.
രജിസ്‌ട്രേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ 5000ത്തില്‍പ്പരം പേര്‍ പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ത്ഥികളുടെ സജീവമായ പങ്കാളിത്തമാണ് രജിസ്‌ട്രേഷന്‍റെ ആദ്യമണിക്കൂറുകളില്‍ ദൃശ്യമായത്. മേളയിലെ വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനായി കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും വിദ്യാര്‍ത്ഥി വിഭാഗത്തിന് ഇരട്ടി പാസുകള്‍ അനുവദിച്ചിട്ടുണ്ട്. 1500 പാസുകള്‍ അനുവദിച്ചിരുന്ന സ്ഥാനത്ത് 3000 എണ്ണമാണ് വിദ്യാര്‍ത്ഥി വിഭാഗത്തിന് നല്‍കുന്നത്.
എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 14 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മല്‍സര വിഭാഗം, സമകാലിക ചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ സിനിമകള്‍, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ സിനിമകള്‍ എന്നിവ ഉള്‍പ്പെടുന്ന ലോക സിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, മാസ്റ്റേഴ്‌സിന്‍റെ വിഖ്യാത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ റെട്രോസ്‌പെക്ടീവ് വിഭാഗം, മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം എന്നീ വിഭാഗം 27ാമത് ഐ.എഫ്.എഫ്.കെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇത്തവണ മലയാളം സിനിമ വിഭാഗത്തില്‍ 12 സിനിമകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. സംവിധായകനായ ആര്‍ ശരത്ത്, ജീവ കെ ജെ, ഷെറി, രഞ്ജിത്ത് ശങ്കര്‍, അനുരാജ് മനോഹര്‍ എന്നീ സംവിധായകരുള്‍പ്പെട്ട സമിതിയാണ് സിനിമകള്‍ തിരഞ്ഞെടുത്തത്. മഹേഷ് നാരായണന്‍ ചിത്രം ‘അറിയിപ്പ്’, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നീ സിനിമകളാണ് ഇന്‍റര്‍നാഷണല്‍ കോമ്പറ്റീഷന് തെരഞ്ഞെടുക്കപ്പെട്ടത്. ‘വഴക്ക്’, ‘ആയിരത്തൊന്നു നുണകള്‍’, ‘ബാക്കി വന്നവര്‍’, ‘പട’, ‘നോര്‍മല്‍’, ‘ഗ്രേറ്റ്ഡിപ്രഷന്‍’, ‘വേട്ടപ്പട്ടികളും ഓട്ടക്കാരും’, ‘ആണ്’, ‘ഭര്‍ത്താവും ഭാര്യയും മരിച്ചരണ്ട് മക്കളും’, ‘ധബാരി ക്യുവരുവി’, ‘ഫ്രീഡം ഫൈറ്റ്’, ’19(1)(a) എന്നീ സിനിമകളാണ് മലയാളം സിനിമ ടുഡേയില്‍ പ്രദര്‍ശിപ്പിക്കുക.
ഇന്‍റര്‍നാഷണല്‍ കോമ്പറ്റീഷന്‍, വേള്‍ഡ് സിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഡിസംബര്‍ 9നാണ് ചലച്ചിത്ര മേള ആരംഭിക്കുക. ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന മേള 16ന് അവസാനിക്കും.