ഐഎഫ്എഫ്കെയില്‍ പ്രതിഷേധം ഇരമ്പുന്നു; ആറ് സിനിമകള്‍ പുറത്ത്; സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ ചലച്ചിത്രപ്രേമികള്‍

Jaihind News Bureau
Thursday, December 18, 2025

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ആറ് സിനിമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിന് മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ കീഴടങ്ങിയതിനെതിരെ വ്യാപക പ്രതിഷേധം. ‘ഓള്‍ ദാറ്റ് ലെഫ്റ്റ്സ് ഓഫ് യു’, ‘ക്ലാഷ്’, ‘യെസ്’, ‘ഫ്ളെയിംസ്’, ‘ഈഗിള്‍സ് ഓഫ് ദ റിപ്പബ്ലിക്’, ‘എ പോയന്റ്’ എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനാനുമതിയാണ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം റദ്ദാക്കിയത്. ഇതിനുപിന്നാലെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിലേക്ക് സംഘാടകര്‍ മാറിയതോടെയാണ് മേളയുടെ വേദികളില്‍ സിനിമാപ്രേമികളും അണിയറ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയത്.

മേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 19 സിനിമകള്‍ക്ക് കേന്ദ്രം ആദ്യഘട്ടത്തില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വെല്ലുവിളി ഏറ്റെടുക്കുമെന്നും മുന്‍ നിശ്ചയിച്ച പ്രകാരം എല്ലാ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനം. എന്നാല്‍ കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദ്ദേശം എത്തിയതോടെ ആറ് സിനിമകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാരിന്റെ ഈ ഇരട്ടത്താപ്പിനെതിരെയാണ് ചലച്ചിത്ര പ്രതിനിധികള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നത്.

വ്യക്തിസ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മേലുള്ള നഗ്‌നമായ കടന്നുകയറ്റമാണ് കേന്ദ്ര നടപടിയെന്ന് സിനിമാ സംവിധായകരും വിദ്യാര്‍ത്ഥികളും ആരോപിക്കുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ മികച്ച സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് തടയുന്നത് സാംസ്‌കാരികമായ ഫാസിസമാണെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. മേളയുടെ വിവിധ വേദികളില്‍ പ്ലക്കാര്‍ഡുകള്‍ ഏന്തിയും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിനിധികള്‍ പ്രതിഷേധം രേഖപ്പെടുത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൂടുതല്‍ കര്‍ക്കശമായ നിലപാട് സ്വീകരിക്കണമായിരുന്നു എന്ന അഭിപ്രായമാണ് മേളയില്‍ പൊതുവെ ഉയരുന്നത്.