
ഐഎഫ്എഫ്കെയില് സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഇത് ‘സംഘപരിവാര്‍ അജന്‍ഡയുടെ’ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ സാംസ്കാരിക വിനിമയ ചരിത്രത്തെ തകര്‍ക്കുന്ന നീക്കമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തെ സാംസ്കാരിക നയങ്ങള്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിദേശ രാജ്യങ്ങളുടെ തലവന്മാര് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ആ രാജ്യങ്ങളിലെ സിനിമകള്‍ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്ന പതിവുണ്ടായിരുന്നു. റഷ്യന്‍, ഫ്രഞ്ച് അടക്കമുള്ള രാജ്യങ്ങളിലെ ആര്‍ട്ട്, ക്ലാസിക്, സമാന്തര സിനിമകള്‍ നാഷണല്‍ ബ്രോഡ്കാസ്റ്ററായ ദൂരദര്ശന് പതിവായി സംപ്രേഷണം ചെയ്തിരുന്നു. ഈ ചുവടുവെപ്പ് ഒരു തലമുറയുടെ വീക്ഷണത്തെയും കാഴ്ചയെയും രൂപപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ചിത്രലേഖ, ചലച്ചിത്ര, ഒഡേസ, സൂര്യ തുടങ്ങിയ ഫിലിം സൊസൈറ്റികള്‍ ലോക സിനിമയെ കേരളത്തിന്റെ മുക്കിലും മൂലയിലും എത്തിച്ച് സിനിമാ സംസ്കാരത്തെ മാറ്റിമറിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. യൂറോപ്യന്‍-അമേരിക്കന്‍ ചിത്രങ്ങള്‍ക്കപ്പുറം ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ സിനിമകള്‍ക്ക് കഎഎഗയില് ലഭിച്ച പ്രാധാന്യം മേളക്ക് വേറിട്ട സ്വഭാവം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമകളുടെ പ്രദര്‍ശനാനുമതി നിഷേധിക്കുമ്പോള്‍ സാങ്കേതിക കാരണങ്ങള്‍ നിരത്താന്‍ സര്‍ക്കാരിന് സാധിച്ചേക്കാം. എന്നാല്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് പിന്നില്‍ ഒരു കാരണം മാത്രമേയുള്ളൂ എന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ‘സംഘപരിവാര്‍ അജന്‍ഡക്ക് ചേരുന്നതല്ലെങ്കില്‍ 100 വര്‍ഷങ്ങളുടെ നിറവിലെത്തിയ ‘ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍’ പോലും പുറത്തു നില്ക്കും. ‘കേരളാ സ്റ്റോറി’ സിംഹാസനത്തില്‍ അവരോധിക്കപ്പെടും. സംഗീതമോ സിനിമയോ കവിതയോ എന്തുമാകട്ടെ, അദൃശ്യനായ ബിഗ് സംഘി ബ്രദര്‍ എല്ലാം നോക്കി വിലയിരുത്തും. ബോധിച്ചാല്‍ നമുക്ക് കാണാം. അല്ലെങ്കില്‍ സര്‍വ്വതും പടിക്ക് പുറത്ത്,’ അദ്ദേഹം പറഞ്ഞു.
പഴയകാല കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് വ്യക്തമായ സാംസ്കാരിക നയവും മഹത്തരമായ വിദേശ നയവും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യയുമായി നല്ല ബന്ധം പുലര്‍ത്തുമ്പോഴും ബോറിസ് പാസ്റ്റര്നാക്കിന് വേണ്ടി നിലപാടെടുത്ത ഒരാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു എന്നത് ഈ അവസരത്തില്‍ ഓര്‍ക്കണം. ഇന്ത്യയുടെ ബഹുസ്വരത അവതരിപ്പിക്കപ്പെട്ട സാംസ്കാരിക ഉത്സവങ്ങള്‍ ഒന്നിനെയും മനപ്പൂര്‍വം തമസ്കരിക്കാതെ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി. വിവിധ സംസ്കാരങ്ങളെ ഒരേ ബഹുമാനത്തോടെ കാണുന്ന കോണ്‍ഗ്രസിന്റെ ദര്‍ശനം രാജ്യത്തിന്റെ മുന്നോട്ടുള്ള ഗതിയെ ഉജ്ജീവിപ്പിച്ചു. പലസ്തീനും അവിടെ ജീവിക്കുന്ന മനുഷ്യരും യാസര്‍ അറാഫത്തും എന്നും ഇന്ത്യക്ക് പ്രിയങ്കരരായിരുന്നു. നമ്മുടെ രാഷ്ട്രപിതാവിനെയും പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റുവിനെയും തമസ്കരിക്കുന്നവര്‍ക്ക് എന്ത് ചരിത്രബോധം, എന്ത് പലസ്തീന്, എന്ത് സാംസ്കാരിക വിനിമയം, എന്ത് ജനാധിപത്യ ബോധം എന്നും അദ്ദേഹം ചോദിച്ചു. കൂടാതെ, എന്തിനും ഏതിനും കോണ്‍ഗ്രസിനെ ചെളിവാരിയെറിയുന്ന ഇടതുപക്ഷം കൂടി ഇതൊക്കെ ഒന്ന് ഓര്‍ത്താല്‍ നന്ന് എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.