IFFK 2023: കാതലും ഫാമിലിയും ഉള്‍പ്പെടെ ഇന്ന് 66 ചിത്രങ്ങള്‍; മേളയ്ക്ക് കൊടിയിറങ്ങാന്‍ ഇനി ഒരു ദിനം

Jaihind Webdesk
Thursday, December 14, 2023

 

തിരുവനന്തപുരം: 28-ാമത് രാജ്യാന്തര ചലച്ചിത്ര മേള ലാസ്റ്റ് ലാപ്പിലേക്ക് എത്തുമ്പോൾ വേറിട്ട ഒരുപിടി ചിത്രങ്ങൾ ഇന്ന് പ്രേക്ഷകർക്കു മുന്നിലെത്തും. 172 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മേള അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കേ ഒമ്പത് ഓസ്കർ എൻട്രികൾ ഉൾപ്പടെ 66 ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുന്നത്.

രാജ്യാന്തര ചലച്ചിത്രമേളയ്ക്കു കൊടിയിറങ്ങുവാൻ ഒരു ദിവസം ബാക്കി നിൽക്കേ 11 മലയാള സിനിമകൾ ഉൾപ്പെടെ 66 ചിത്രങ്ങളുടെ മേളയിലെ അവസാന പ്രദർശനം ഇന്ന് വിവിധ വേദികളിലായി നടക്കും. മത്സര വിഭാഗത്തിൽ ഡോൺ പാലത്തറയുടെ ഫാമിലി, ഫാസിൽ റസാഖിന്‍റെ തടവ്, ലുബ്ദക് ചാറ്റർജിയുടെ വിസ്പേഴ്‌സ് ഓഫ് ഫയർ ആൻഡ് വാട്ടർ തുടങ്ങി പതിനൊന്നു ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ലോക സിനിമാ വിഭാഗത്തിൽ പേർഷ്യൻ ചിത്രമായ എൻഡ്‌ലെസ്‌ ബോർഡേഴ്‌സ്, നേപ്പാൾ ചിത്രം എ റോഡ് ടു എ വില്ലേജ് തുടങ്ങി 24 ചിത്രങ്ങളും സുനിൽ മാളൂരിൻ്റെ വലസൈ പറവകൾ, ആനന്ദ് ഏകർഷിയുടെ ആട്ടം, ശ്രുതി ശരണ്യത്തിന്‍റെ ബി 32 മുതൽ 44 വരെ, ജിയോ ബേബിയുടെ കാതൽ തുടങ്ങിയ ചിത്രങ്ങൾ അരങ്ങിലെത്തും. രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തിരഞ്ഞെടുക്കുവാനുള്ള വോട്ടെടുപ്പ് തുടരുകയാണ്. അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്.