കേരളത്തില്‍ വ്യാപകമായ മയക്കുമരുന്ന് ദുരുപയോഗത്തിന്റെ പ്രശ്‌നങ്ങള്‍ ദേശീയതലത്തിലും ചര്‍ച്ചാ വിഷയമാകുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഈ വിഷയവുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി സംസാരിച്ചു. റേഡിയോ ജോക്കി ജോസഫ് അന്നംകുട്ടി ജോസ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആദിത്യ രവീന്ദ്രന്‍, ഹോമിയോപ്പതിക് ഫിസിഷ്യന്‍ ഫാത്തിമ അസ്ല എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുന്ന വീഡിയോ രാഹുല്‍ സോഷ്യല്‍ മീഡികളില്‍ പങ്കിട്ടു.
‘യുവാക്കളുടെ മനസ്സില്‍ പ്രതീക്ഷ നിറച്ചില്ലെങ്കില്‍ അവര്‍ അവരുടെ സിരകളില്‍ മയക്കുമരുന്ന് നിറയ്ക്കും’. എന്നാണ് ചര്‍ച്ചയെപ്പറ്റി ചുരുങ്ങിയ വാക്കുകളില്‍ വിശേഷിപ്പിച്ചത്. കേരളത്തിലും രാജ്യത്തുടനീളവുമുള്ള നിരവധി യുവാക്കള്‍ നേരിടുന്ന സാഹചര്യത്തെ ഈ വരികള്‍ ഉള്‍ക്കൊള്ളുന്നു. ഏറെ ധ്വനികള്‍ ഉള്ളതാണ് ഈ വരികള്‍. ഇരുണ്ട ഭാവിയെ അഭിമുഖീകരിക്കുമ്പോഴും, സമ്മര്‍ദ്ദത്തിന്റെ ഭാരം നിമിത്തവും നമ്മുടെ യുവാക്കള്‍ മയക്കുമരുന്നിലേയ്ക്കു തിരിയുന്നു. അവര്‍ക്ക് പ്രതീക്ഷയും പിന്തുണയും ലക്ഷ്യവും നല്‍കാന്‍ നാം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണം, മയക്കുമരുന്ന് ദുരുപയോഗത്തിന്റെ അപകടങ്ങളില്‍ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. രാഹുല്‍ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 27,000-ത്തിലധികം മയക്കുമരുന്ന് ദുരുപയോഗ കേസുകള്‍ ഉണ്ടായതായി വിദഗ്ധര്‍ പറഞ്ഞു. മയക്കുമരുന്ന് വസ്തുക്കളുടെ അപകടങ്ങളെക്കുറിച്ച് യുവാക്കളെ ബോധവല്‍ക്കരിക്കുകയും മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ദുരുപയോഗം തടയുകയും ചെയ്തുകൊണ്ട് ലഹരി രഹിത കേരളം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ബോധവല്‍ക്കരണ ദൗത്യം ലക്ഷ്യമിടുന്നത്.
ലഹരിക്കെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ സന്ദേശത്തെ പിന്തുണച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ .സി വേണുഗോപാല്‍ എം.പിയുടെ സന്ദേശം എക്‌സില്‍ എത്തി. രാഹുല്‍ ഗാന്ധി തുടങ്ങിവെച്ചത് നമ്മള്‍ മുന്നോട്ട് കൊണ്ടുപോകുകയും ഈ വിപത്തിനെ എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ ഒന്നിക്കുകയും ചെയ്യുമെന്ന് കെ.സി വേണുഗോപാല്‍ എം.പി എക്‌സില്‍ കുറിച്ചു.