തിരുവനന്തപുരം: ആരോപണങ്ങളില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിച്ചോടുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അന്‍വറിനെതിരായ കേസുകള്‍ രാഷ്ട്രീയപ്രേരിതമാണ്. പി.വി. അന്‍വര്‍ എന്ന വ്യക്തിയല്ല, ഉയര്‍ത്തിയ വിഷയമാണ് പ്രധാനമെന്നും ചെന്നിത്തല പറഞ്ഞു.
പാർട്ടിക്കും സർക്കാരിനുമെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ അൻവറിനെതിരെ കേസ് എടുക്കുന്നു, ഇപ്പോൾ ഇതാ തടയണ പൊളിക്കാൻ പോകുന്നു. സംസ്ഥാന മുഖ്യമന്ത്രിക്ക് എതിരെ സംസാരിച്ചാൽ എങ്ങനെ ഭരണകൂടം പ്രതികരിക്കുന്നുവെന്നതിന്‍റെ തെളിവാണിതെന്നും ചെന്നിത്തല ചൂണ്ടികാട്ടി.
അതേസമയം, മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പി.വി. അൻവറി ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി ആരംഭിച്ചു . കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ വിളിക്കാൻ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അടിയന്തര യോഗം ചേർന്ന് തീരുമാനിക്കുകയായിരുന്നു.
ഈ തടയണ പൊളിക്കാൻ എട്ട് മാസം മുമ്പ് കേരളാ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും പഞ്ചായത്ത് നടപടി വൈകിപ്പിക്കുകയായിരുന്നു. ഒരു മാസത്തിനകം തടയണ പൊളിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. അൻവർ സിപിഎമ്മുമായി അകന്നതോടെയാണ് പഞ്ചായത്ത് അതിവേഗം നടപടിയിലേക്ക് കടന്നത്.