വന്ദേഭാരതിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കണം; ഇല്ലെങ്കില്‍ ഉദ്ഘാടന ദിവസം ട്രെയിന്‍ തടയുമെന്ന് വികെ ശ്രീകണ്ഠന്‍ എംപി

Jaihind Webdesk
Friday, April 21, 2023

പാലക്കാട് : ഷൊര്‍ണ്ണൂരില്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന് സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ ഉദ്ഘാടന ദിനത്തില്‍ തന്നെ തടയുമെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍. വന്ദേഭാരത് ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പ് സ്റ്റോപ്പുകള്‍ പ്രഖ്യാപിക്കും. കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തില്‍ റെയില്‍വേ മന്ത്രാലയത്തില്‍ നിന്ന് അനുകൂല റിപ്പോര്‍ട്ടാണ് ലഭിച്ചിരിക്കുന്നത്. സ്‌റ്റോപ്പ് വേണമെന്ന ശക്തമായ ആവശ്യം ഉന്നയിച്ചത് റെയില്‍വേ ഗൗരവപൂര്‍വ്വം പരിഗണിക്കുന്നുണ്ട് എന്ന അറിയിപ്പാണ് ലഭിച്ചത്. സ്റ്റോപ്പ് അനുവദിക്കുന്നതിന് അനുകൂലമായ ഫീസിബിലിറ്റി റിപ്പോര്‍ട്ടാണ് റെയില്‍വേക്ക് ലഭിച്ചിരിക്കുന്നത്. അനുവദിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഷൊര്‍ണൂരില്‍ സ്റ്റേഷന്‍ വേണമെന്ന ആവശ്യം റെയില്‍വെ ഗൌരവത്തില്‍ പരിഗണിക്കണമെന്നും ഇല്ലെങ്കില്‍ ഏപ്രിൽ 25 ന് ട്രെയിൻ തടയാനാണ് തീരുമാനമെന്നും വികെ ശ്രീകണ്ഠന്‍ പറഞ്ഞു.ദക്ഷിണേന്ത്യയിൽ തന്നെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ഷൊർണൂർ ജംഗ്ഷൻ. ഇവിടെ വന്ദേ ഭാരതിന് സ്റ്റോപ്പ് നല്‍കിയില്ലെങ്കില്‍ ജനങ്ങളുടെ പ്രധാനപ്പെട്ട ആവശ്യമായതിനാൽ ഈ വിഷയത്തില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സമരം നയിക്കുമെന്നും വികെ ശ്രീകണ്ഠന്‍ എം പി അറിയിച്ചു.