യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പ്രളയബാധിതർക്ക് നഷ്ടപരിഹാരം ഉറപ്പാക്കും, വിശ്വാസ സംരക്ഷണത്തിനായി നിയമനിർമാണം : രമേശ് ചെന്നിത്തല

Jaihind News Bureau
Monday, March 22, 2021

Ramesh-Chennithala

പത്തനംതിട്ട : യുഡിഎഫ് അധികാരത്തിൽ വന്നാൽ മഹാപ്രളയത്തെ പറ്റി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ശമേശ് ചെന്നിത്തല. പ്രളയബാധിതർക്ക് നഷ്ടപരിഹാരം ഉറപ്പാക്കും. അധികാരത്തിലെത്തി നൂറ് ദിവസത്തിനുള്ളിൽ ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിനായി നിയമ നിർമ്മാണം നടപ്പാക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റാന്നി നിയോജക മണ്ഡലം യുഡിഎഫ് കണ്‍വൻഷനിൽ
പറഞ്ഞു.

പ്രളയത്തിൽ എല്ലാം തകർന്നടിഞ്ഞ റാന്നി നിവാസികൾക്ക് ആശ്വാസവാക്കുകൾ നൽകിയാണ് രമേശ് ചെന്നിത്തല റാന്നിയിൽ നിന്ന് മടങ്ങിയത്. ഒപ്പം ശബരിമല ഉൾപ്പെടുന്ന റാന്നി നിയോജക മണ്ഡലത്തിലെ വിശ്വാസികൾക്ക് ആചാര സംരക്ഷണ നിയമം എന്ന ഉറപ്പും നൽകി. റാന്നി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി റിങ്കു ചെറിയാൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടത്തിയ നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റാന്നിയിൽ ഇക്കുറി ചരിത്ര വിജയം യുഡിഎഫിന് ഉണ്ടാകും. ഈ ഭരണം മാറണമെന്ന് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നു. അഴിമതിയും കൊള്ളയും നിറഞ്ഞ ഭരണത്തിൽ ജനം മടുത്തിരിക്കുന്നു. കോടികളുടെ പരസ്യം നൽകി ജനവികാരം മറികടക്കുവാനും തെരഞ്ഞെടുപ്പ് അട്ടിമറിക്കുവാനുമാണ് സിപിഎം ശ്രമിക്കുന്നത്. ഇതിനായി പിആർഡിയെയും ചില മാധ്യമങ്ങളേയും കൂട്ടുപിടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. ജനങ്ങൾക്ക് വിശ്വസിക്കാനാവാത്ത സർവേകൾക്ക് പിന്നിൽ സിപിഎം അജണ്ടയാണ് ഉള്ളത്. ജനങ്ങളുടെ സർവേ യുഡിഎഫിന് അനുകൂലമാണ്. വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടമായവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കും. മതേതരത്വത്തിൻ്റെ പ്രതീകമായ ശബരിമലയിലെ ആചാര സംരക്ഷണം യുഡിഎഫ് ഉറപ്പാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.