പ്രതിഷേധങ്ങളെ ക്രിമിനലുകളെ ഉപയോഗിച്ച് നേരിട്ടാല്‍ പ്രത്യാഘാതം ഗുരുതരം: അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്

Jaihind Webdesk
Thursday, January 20, 2022

കണ്ണൂര്‍: കണ്ണൂരില്‍ സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതി വിശദീകരണ യോഗം നടക്കുന്ന ഹാളിലേക്ക് ജനാധിപത്യപരമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസിന്‍റെ സാന്നിധ്യത്തില്‍ ഡിവൈഎഫ്‌ഐ ക്രിമിനലുകള്‍ ആക്രമിച്ച സംഭവത്തെ ഡിസിസി പ്രസിഡന്‍റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് അപലപിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി, ജില്ലാ പ്രസിഡന്‍റ് സുദീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറി വിനേഷ് ചുള്ളിയാന്‍, ജില്ലാ സെക്രട്ടറി പ്രിനില്‍ മതുക്കോത്ത്, യഹിയ തുടങ്ങിയവരെ ക്രൂരമായി മര്‍ദ്ദിക്കുമ്പോള്‍ അക്രമികളെ നിയന്ത്രിക്കുന്നതിനു പകരം മര്‍ദ്ദനമേറ്റവരെ പിടികൂടാനായിരുന്നു പോലീസ് വ്യഗ്രത കാണിച്ചത്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എം ഷാജര്‍, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിര്‍, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്.

ജനകീയ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വരെ ഗുണ്ടകളായി ചിത്രീകരിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാട് പരിതാപകരമാണ്. പോലീസിനെ ഉപയോഗിച്ച് കള്ളക്കേസ് എടുത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെ റിമാൻഡ് ചെയ്ത നടപടി പ്രതിഷേധാർഹമാണ്. ജനകീയ പ്രതിഷേധങ്ങളെ പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച് നേരിടാനാണ് ഭാവമെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് മുന്നറിയിപ്പു നല്‍കി. കെ റെയിലിനെതിരേ ഓരോ ദിവസവും വര്‍ധിച്ചു വരുന്ന ജനരോഷത്തെ ഈ രീതിയില്‍ നേരിടാനാണ് സിപിഎമ്മിന്‍റെയും സര്‍ക്കാരിന്‍റേയും നീക്കമെങ്കില്‍ ജനാധിപത്യശക്തികളുടെ കൂട്ടായ പ്രതിഷേധത്തെ നേരിടേണ്ടി വരുമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.