ആര്‍.എസ്.എസ്സിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഭരണഘടനയില്‍ തൊട്ടാല്‍ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും. പാവങ്ങള്‍ ഉയര്‍ന്ന് വരുന്നത് ആര്‍.എസ്.എസിന് സഹിക്കുന്നില്ല. അതുകൊണ്ടാണ് മതേതരത്വവും സോഷ്യലിസവും ദഹിക്കാത്തതെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു.
ആര്‍ എസ് എസ് ഒരിക്കലും ഭരണഘടനയെ അംഗീകരിച്ചിട്ടില്ലെന്നും മനുസ്മൃതിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടല്ല ഭരണഘടന തയ്യാറാക്കിയതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ മാറ്റണമെന്ന ആവശ്യം ആര്‍ എസ് എസ് ഇപ്പോഴും തുടരുകയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന വിവാദമായിരുന്നു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന്റെ 50 വാര്‍ഷികം അനുസ്മരിച്ചുകൊണ്ട് വ്യാഴാഴ്ച സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് ദത്താത്രേയ ഹൊസബാളെ വിവാദ പരാമര്‍ശം നടത്തിയത്.