‘തെലങ്കാന ആണ് നല്ലതെങ്കില്‍ അവിടെ ചിത്രീകരിക്കട്ടെ’; സിനിമാ പ്രതിഷേധത്തെ നിസാരവത്ക്കരിച്ച് മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ പക്ഷപാതപരമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരായ സിനിമാ മേഖലയുടെ പ്രതിഷേധത്തെ നിസാരവത്ക്കരിച്ച് മന്ത്രി സജി ചെറിയാന്‍. തെലങ്കാലന നല്ല സ്ഥലമാണെങ്കില്‍ സിനിമകള്‍ അവിടെ ചിത്രീകരിക്കട്ടെയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ടി.പി.ആര്‍ കുറയുന്നതിന് അനുസരിച്ചുമാത്രമെ സിനിമാ ചിത്രീകരണത്തിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്ന്  മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും ചര്‍ച്ചയ്ക്ക് അവസരമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫെഫ്കയും നിര്‍മ്മാതാക്കളുടെ സംഘടനയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്ന സാഹചര്യത്തില്‍ സിനിമാ ചിത്രീകരണം തെലങ്കാനയിലേക്ക് മാറ്റുകയാണെന്ന് കാട്ടി സര്‍ക്കാരിന് സംഘടനകള്‍ കത്തും നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന വ്യാപക ആക്ഷേപങ്ങള്‍ക്കിടെയാണ് സിനിമാ മേഖലയും പ്രതിഷേധവുമായി രംഗത്തെത്തിയത്. സീരിയലുകള്‍ക്ക് അനുമതി നല്‍കിയിട്ടും സിനിമകള്‍ക്ക് ഷൂട്ടിംഗിന് സംസ്ഥാനത്ത് അനുമതി നല്‍കിയിരുന്നില്ല. കടകള്‍ തുറക്കുന്നതിലെ നിയന്ത്രണങ്ങള്‍ക്കെതിരെ വ്യാപാരികളും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിയന്ത്രണങ്ങള്‍ തുടരുമ്പോഴും സംസ്ഥാനത്ത് കൊവിഡ് കുറയാത്തത് നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയാണ് വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷവും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

 

Comments (0)
Add Comment