മോദിക്കെതിരെ തോൽക്കുമെന്ന് ഒരിക്കലും ഭയപ്പെടുന്നില്ല; തോൽക്കുമെന്ന ഭയമുണ്ടെങ്കിൽ രാഷ്ട്രീയത്തിലേയ്ക്കിറങ്ങില്ലായിരുന്നു : പ്രിയങ്ക

Jaihind Webdesk
Thursday, May 2, 2019

നരേന്ദ്ര മോദിക്കെതിരേ മത്സരിച്ചാൽ തോൽക്കുമെന്ന ഭയം ഒരിക്കലുമുണ്ടായിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വാരാണണാസിയിൽ മത്സരിച്ചാൽ പ്രവർത്തനം ഇവിടെ മാത്രം ഒതുങ്ങിപ്പോകും. ഇപ്പോൾ എല്ലായിടത്തും പ്രവർത്തിക്കാനാകുന്നുണ്ടെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.

തോൽക്കുമെന്ന ഭയമുണ്ടെങ്കിൽ രാഷ്ട്രീയത്തിലേയ്ക്കിറങ്ങില്ലായിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തോല്‍വിയെ ഭയപ്പെടുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മത്സരിക്കാനുള്ള നീക്കത്തിൽനിന്നു പിൻമാറിയതിനെ കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.

താൻ പോരാടുകയാണ്. എല്ലാ സംസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ച് പ്രചാരണം നടത്തുന്നുണ്ട്. ഇവിടുത്തെ പ്രവർത്തകരോട് അഭിപ്രായം ചോദിച്ചു. വാരാണസിയിൽ മത്സരിച്ചാൽ എന്‍റെ പ്രവർത്തനം ഇവിടെ മാത്രം ഒതുങ്ങിപ്പോകുമെന്ന് അവർ പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെ തോൽക്കുമെന്ന് ഒരിക്കലും ഭയപ്പെടുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. തോൽക്കുമെന്ന ഭയം ഉണ്ടായിരുന്നെങ്കില്‍ വീട്ടിലിരിക്കുമായിരുന്നു രാഷ്ട്രീയത്തിലേയ്ക്കിറങ്ങില്ലായിരുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

കോൺഗ്രസ് അതിന്‍റെ ശക്തി കേന്ദ്രങ്ങളിലും മറ്റു ചില സീറ്റുകളിലും വിജയിക്കുമെന്നും വിജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ടുകൾ ചോർത്തുമെന്നും പ്രിയങ്ക പറഞ്ഞു. മഹാസഖ്യത്തിൻറെ വോട്ടുകൾ ചോർത്താൻ കോൺഗ്രസിനു പദ്ധതിയില്ലെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.