പിണറായി മന്ത്രിസഭയിലെ അഞ്ച് പ്രമുഖരെ തെരഞ്ഞെടുപ്പില്‍ മാറ്റിനിർത്തിയ നടപടി പൊതുസമൂഹത്തോട് പരോക്ഷമായി പറയുന്ന ചില കാര്യങ്ങളുണ്ട്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഭരണനേട്ടം എന്ന അവകാശവാദം ഉയർത്തിക്കാട്ടാന്‍ ശ്രമിക്കുമ്പോഴും പാർട്ടിക്ക് പോലും ഇക്കാര്യം അംഗീകരിക്കാനാവുന്നില്ലെന്നതാണ് യാഥാർത്ഥ്യമെന്ന് ഇത് വ്യക്തമാക്കുന്നു.
തുടർഭരണം ഉറപ്പെന്ന് പറയുന്ന സി.പി.എം എന്തിന് അഞ്ച് മന്ത്രിമാർക്ക് സീറ്റ് നിഷേധിച്ചു എന്നതാണ് ഉയരുന്ന ചോദ്യം. അപ്പോൾ ഈ മന്ത്രിമാർ പരാജയമാണ് എന്ന് പാർട്ടി തന്നെ സമ്മതിക്കുന്നു. പാർട്ടി മാനദണ്ഡങ്ങൾ ആണ് കാരണമെങ്കില്‍ ചില മന്ത്രിമാർക്ക് എന്തിന് ഇളവ് നൽകി. ആരോപണ വിധേയരായ മന്ത്രിമാരായ എ.സി മൊയ്ദീൻ, കടകംപള്ളി സുരേന്ദ്രൻ, മേഴ്സിക്കുട്ടിയമ്മ, കെ.ടി.ജലീൽ എന്നിവർ മത്സര രംഗത്തുണ്ട്. കാര്യങ്ങൾ അത്ര പന്തിയല്ല എന്ന് സി.പി.എം തന്നെ പരോക്ഷമായി സമ്മതിക്കുന്നതാണ് മന്ത്രിമാരെ ഒഴിവാക്കിയതിലൂടെ വ്യക്തമാകുന്നത്.
സ്വർണ്ണക്കടത്ത് വിവാദത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ വിമർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പൊന്നാനിയിൽ തനിക്ക് എതിരെ മത്സരിക്കാൻ സ്പീക്കർ വെല്ലുവിളിച്ചിരുന്നു. പക്ഷേ സ്വന്തം പാർട്ടി തന്നെ ശ്രീരാമകൃഷ്ണന് സീറ്റ് നിഷേധിച്ചു. പാർട്ടി പോലും ശ്രീരാമകൃഷ്ണനെ അവിശ്വസിക്കുന്നു.
സി.പി.എം അണികളും ഇതേ ചോദ്യമാണ് ഉയർത്തുന്നത്. പാർട്ടിക്ക് വേണ്ട മന്ത്രിമാരും വേണ്ടാത്ത മന്ത്രിമാരും ഉണ്ടോ എന്ന്. മന്ത്രിമാരുടെ ഭാര്യമാർക്ക് സീറ്റ് നൽകുന്നതും പാർട്ടിയിൽ പുതുമയാണ്. ചുരുക്കത്തിൽ സർക്കാരിൻ്റെ നേട്ടം എന്ന് സി.പിഎം അവകാശപ്പെടുന്നത് മുഖ്യമന്ത്രി പിണറായി വിജയനിൽ ഒതുക്കി മന്ത്രിമാരെ വില കുറച്ച് കാണുന്ന സമീപനമാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. പാർട്ടി അവകാശപ്പെടുന്ന നേട്ടങ്ങള്‍ ഒരു വ്യക്തയിൽ കേന്ദ്രീകരിക്കുന്നു. ഇ.പി ജയരാജന്, തോമസ് ഐസക്, എ.കെ ബാലന്, ജി സുധാകരന്, സി രവീന്ദ്രനാഥ് എന്നീ മന്ത്രിമാർക്കാണ് സിപിഎം സീറ്റ് നിഷേധിച്ചത്. എം.എല്‍.എമാരായ എ പ്രദീപ് കുമാര്‍, രാജു എബ്രഹാം എന്നിവരും മത്സരിക്കില്ല.