‘പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ ആയുധം വാങ്ങേണ്ടിവരുമോ?’; വാക്സിന്‍ നയത്തില്‍ കേന്ദ്രത്തിനെതിരെ കെജ്‌രിവാള്‍

Jaihind Webdesk
Wednesday, May 26, 2021

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്‍റെ കൊവിഡ് വാക്‌സിന്‍ നയത്തിനെതിരെ കടുത്ത വിമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് ആയുധങ്ങള്‍ വാങ്ങേണ്ടിവരുമോ എന്നായിരുന്നു കെജ്‌രിവാളിന്‍റെ ചോദ്യം.

രാജ്യം കൊവിഡിന് എതിരായ യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കേന്ദ്രവും സംസ്ഥാനങ്ങളും ടീം ഇന്ത്യ എന്ന നിലയില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. മറിച്ച് പ്രവര്‍ത്തിക്കേണ്ട സമയമല്ലിത്. കൊവിഡ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. വാക്‌സിനേഷന്‍ വൈകുംതോറും എത്ര ജീവനുകള്‍ നഷ്ടപ്പെടുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. വാക്‌സിന്‍ കമ്പനികള്‍ സംസ്ഥാന സര്‍ക്കാരുകളോട് സംസാരിക്കാന്‍ വിസമ്മതിക്കുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ക്കൊന്നും ഒരു ഡോസ് വാക്‌സിന്‍ പോലും ഇതുവരെ വാങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

‘നമ്മുടെ രാജ്യം കൊവിഡിന് എതിരായ യുദ്ധത്തിലാണ്. പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഉത്തര്‍പ്രദേശിന് സ്വന്തം നിലയില്‍ ടാങ്കുകളും ഡല്‍ഹിക്ക് സ്വന്തമായി തോക്കുകളും വാങ്ങേണ്ടി വരുമോ ? ഡല്‍ഹിയിലെ വാക്‌സിന്‍ മുഴുവന്‍ തീര്‍ന്നു. 18 – 44 പ്രായപരിധിയില്‍ ഉള്ളവരുടെ വാക്‌സിനേഷന്‍ രാജ്യതലസ്ഥാനത്ത് നാല് ദിവസമായി മുടങ്ങിയ അവസ്ഥയിലാണ്. മറ്റുപല സംസ്ഥാനങ്ങളിലെയും അവസ്ഥ ഇതുതന്നെയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയാണ്. പുതിയ കേന്ദ്രങ്ങള്‍ തുറക്കേണ്ട സമയത്ത് പഴയവ പോലും അടച്ചുപൂട്ടേണ്ട സ്ഥിതി അത്ര നല്ലതല്ല’ – കെജ്‌രിവാള്‍ പറഞ്ഞു.

ഡല്‍ഹി സര്‍ക്കാരിന് കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ നല്‍കാന്‍ കോവാക്‌സിന്‍റെ നിര്‍മാതാക്കളായ ഭാരത് ബയോടെക് വിസമ്മതിച്ചുവെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.  ഇത്തരമൊരു സാഹചര്യത്തില്‍ വാക്സിന്‍ വാങ്ങേണ്ട ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെ മേല്‍ കെട്ടിവെക്കാന്‍ പാടില്ല. കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങി നല്‍കാത്തത് എന്തുകൊണ്ടാണെന്നും കെജ്‌രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.