കഴിഞ്ഞ വർഷം കാണിച്ച മണ്ടത്തരത്തിന്‍റെ ഭാഗമായാണ് രണ്ടാം തരംഗം വന്നത് ; ചെലവിന് പണമില്ലെങ്കില്‍ നോട്ട് പ്രിന്‍റ് ചെയ്യണം ; പി. ചിദംബരം

Jaihind Webdesk
Wednesday, June 2, 2021

ന്യൂഡൽഹി : ചിലവിന് പണമില്ലാത്ത അടിയന്തര സാഹചര്യമാണെങ്കിൽ നോട്ട് പ്രിന്‍റ് ചെയ്യണമെന്ന് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം. നോട്ട് പ്രിന്‍റ് ചെയ്യാനുള്ള സൗകര്യവും പരമാധികാരവും നമുക്കുണ്ട്, വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് ചിദംബരം പറഞ്ഞു.

‘നോട്ട് പ്രിന്‍റ് ചെയ്യുന്നതാണ് ഈ സമയം മികച്ചതെന്നാണ് ഉപദേശം. നൊബേൽ ജേതാവായ ഡോ. അഭിജിത് ബാനർജി പോലും ഈ ആശയത്തെ പിന്തുണയ്ക്കുന്നു. മറ്റു പല സാമ്പത്തിക വിദഗ്ധരും ഇതു ശുപാർശ ചെയ്യുന്നുണ്ട്. ധനക്കമ്മിയെക്കുറിച്ച് ആകുലപ്പെടേണ്ട സമയമല്ലിത്. 2021 – 22 വർഷത്തിൽ ധനക്കമ്മി 5.5 ആയിരിക്കുമെന്നാണ് കരുതുന്നത്. അത് 6.5 ആയാലും എന്താണ്. എന്നെ സംബന്ധിച്ച് അതു വലിയ വ്യത്യാസം ഉണ്ടാക്കുന്നില്ല. ഇതിന്റെ പേരിൽ പല കാര്യങ്ങളും ചെയ്യാതിരിക്കരുത്.

ഒരു വർഷം നഷ്ടമായതുപോലെ അടുത്ത വർഷം കൂടി നമുക്ക് നഷ്ടമാകരുത്. സർക്കാർ ഈ രീതിയിൽ പ്രവർത്തിച്ചാൽ അടുത്ത വർഷവും നമുക്ക് നഷ്ടമാകും. നമ്മൾ ജൂൺ മാസത്തിലേക്കു കടക്കുന്നതേയുള്ളൂ. ഇനിയും 10 മാസം കൈയിലുണ്ട്. ധൈര്യപൂർവം ശക്തമായ തീരുമാനങ്ങൾ എടുക്കണം. ആരോഗ്യ കാര്യത്തിൽ പണം ചെലവിടണമെങ്കിൽ അതു ചെയ്യണം. അടിസ്ഥാന സൗകര്യ വികസന കാര്യത്തിലാണെങ്കിലും അങ്ങനെ. നോട്ട് പ്രിന്‍റ് ചെയ്യണമെങ്കിൽ അങ്ങനെയും.

എന്താണ് സംഭവിക്കുകയെന്ന് പറയാൻ കഴിയില്ല. സ്ഥിതി മെച്ചപ്പെടുമോയെന്നോ മൂന്നും നാലും കൊവിഡ് തരംഗങ്ങൾ ഉണ്ടാകുമോ എന്നും ആർക്കുമറിയില്ല. ഇപ്പോൾ മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ പരിഗണിച്ചില്ലെങ്കിൽ ഒന്നും ശരിയാകാൻ പോകുന്നില്ല. വലിയൊരു ദുരന്തത്തിലേ അത് അവസാനിക്കൂ. കഴിഞ്ഞ വർഷം കാണിച്ച മണ്ടത്തരത്തിന്റെ ഭാഗമായാണ് രണ്ടാം തരംഗം വന്നത്’ – അദ്ദേഹം കൂട്ടിച്ചേർത്തു.