‘മോദിക്ക് ഒന്നിനെക്കുറിച്ചും ഒന്നുമറിയില്ല, 2024ല്‍ അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന് ദുരന്തം’: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ ഭർത്താവ് ഡോ. പറക്കാല പ്രഭാകർ

Jaihind Webdesk
Wednesday, May 17, 2023

 

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയും പാർട്ടിയും വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന് സർവനാശമാകും ഫലമെന്ന് സാമ്പത്തിക വിദഗ്‌ധനും ധനമന്ത്രി നിര്‍മല സീതാരാമന്‍റെ ഭര്‍ത്താവുമായ ഡോ. പറക്കാല പ്രഭാകര്‍. രാജ്യത്തെ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും മുച്ചൂടും തകർത്ത ഭരണമാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്ന് അദ്ദേഹം പറയുന്നു.  ‘ദി ക്രൂക്ക്ഡ് ടിംബര്‍ ഓഫ് ന്യൂ ഇന്ത്യ: എസ്സേയ്സ് ഓണ്‍ എ റിപ്പബ്ലിക്ക് ഇന്‍ ക്രൈസിസ്’എന്ന പുസ്തകത്തില്‍ മോദി ഭരണകൂടത്തിന്‍റെ വീഴ്ചകളെ അക്കമിട്ട് നിരത്തുന്നു.

മെയ് 14 നാണ് പറക്കാല പ്രഭാകറിന്‍റെ പുസ്തകം ബംഗളുരുവില്‍ പുറത്തിറക്കിയത്. സമ്പദ് വ്യവസ്ഥ, രാഷ്ട്രീയം, മറ്റു കാര്യങ്ങള്‍ എന്നിവ മോദി ഭരണകൂടം കൈകാര്യം ചെയ്തതിനെ കുറിച്ചുള്ള കുറിപ്പുകള്‍ അടങ്ങുന്നതാണ് പുസ്തകം. പുസ്തകവുമായി ബന്ധപ്പെട്ട് ‘ദ വയർ’ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ഡോ. പറക്കാല പ്രഭാകർ മോദി ഭരണത്തിനെതിരെ നിശിത വിമർശനം ഉയർത്തിയത്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതില്‍ മോദി ഭരണം കഴിവുറ്റതാണെങ്കിലും സമ്പദ് വ്യവസ്ഥയെയും മറ്റ് കാര്യങ്ങളെയും കൈകാര്യം ചെയ്യുന്നതില്‍ ഏറെ പിന്നിലാണെന്നാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. വികസനവും അഴിമതി വിരുദ്ധതയും പറഞ്ഞ് ഭരണത്തിലെത്തിയ മോദി ഹിന്ദുത്വയെ ഉയര്‍ത്തിക്കൊണ്ടു വരികയായിരുന്നുവെന്ന് പറക്കാല പ്രഭാകർ ചൂണ്ടിക്കാട്ടുന്നു. 2014 ല്‍ സദ്ഭരണവും അഴിമതിരഹിത സര്‍ക്കാരും വികസനവും ഉയര്‍ത്തിയായിരുന്നു അവര്‍ വോട്ട് ചോദിച്ചിരുന്നത്. എന്നാല്‍ അവരുടെ യഥാര്‍ത്ഥ ഉദ്ദേശം രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുകയായിരുന്നുവെന്ന് ഡോ. പ്രഭാകർ വിമർശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്പദ്‌വ്യവസ്ഥയെന്നല്ല ഒന്നിനെക്കുറിച്ചും ഒരു ധാരണയുമില്ലെന്നും വ്യാജപ്രചാരണങ്ങൾ കൊണ്ട് ഓട്ടയടയ്ക്കുകയാണ് ഭരണകൂടവും അണികളും ചെയ്യുന്നതെന്നും കരിക്കാല പ്രഭാകറുടെ പുസ്തകത്തില്‍ പറയുന്നു. 1990 കൾക്കു ശേഷം ദാരിദ്ര്യരേഖയ്ക്കു കീഴിലേക്ക് ഏറ്റവും കൂടുതൽപ്പേരെ തള്ളിവിട്ട ഭരണമാണിത്. വികസന വാഗ്ദാനങ്ങളെല്ലാം കാറ്റിൽപ്പറത്തി ഗൂഢ അജണ്ടകൾ നടപ്പാക്കുകയാണെന്നും പുസ്തകത്തില്‍ വിമർശനമുണ്ട്. വിവിധ സൂചികകളിൽ ഇന്ത്യ പിന്നാക്കം പോയത് മറച്ചുവെച്ചു. 2016 മുതൽ രാജ്യത്തെ തൊഴില്ലായ്മയെക്കുറിച്ചു സർക്കാർ കണക്കുകൾ പുറത്തുവിടുന്നില്ല. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പണം വാരിയെറിഞ്ഞ് അട്ടിമറിച്ച് തിരഞ്ഞെടുപ്പുകളെ പരിഹാസ്യമാക്കുന്നു. സ്വച്ഛ് ഭാരത് പോലെ പ്രചാരണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അത്തരം പദ്ധതികളില്‍ ഒന്നും നടക്കുന്നില്ലെന്ന് ഡോ. പ്രഭാകർ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു.

യുവതലമുറയിൽ അന്ധമായ ആരാധനയും സൈനികവാദവും ആക്രമണോത്സുകമായ മതചിന്തയും കുത്തിവെക്കുന്നുവെന്ന രൂക്ഷ വിമർശനമുണ്ട്. അന്വേഷണഏജൻസികളെയും പോലീസിനെയും ഉപയോഗിച്ച് വിമർശകരെ അടിച്ചമർത്തുകയാണെന്നും മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയും വിലയ്ക്കെടുക്കുകയും ചെയ്യുന്നു. മോദി സർക്കാർ യുദ്ധം ചെയ്യുന്നത് സ്വന്തം ജനങ്ങളോടാണെന്നും അതിർത്തിയില്‍ ചൈന നടത്തുന്ന കയ്യേറ്റങ്ങളില്‍ സർക്കാരിന് മിണ്ടാട്ടമില്ലെന്നും ഡോ. പറക്കാല പ്രഭാകർ രൂക്ഷ വിമർശനം ഉന്നയിക്കുന്നു. സമ്പദ് വ്യവസ്ഥയേയും മറ്റ് കാര്യങ്ങളെയും കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീർത്തും പരാജയമാണെന്ന് അടിവരയിട്ട് പറയുന്നതാണ് ഡോ. പ്രഭാകറുടെ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍.