കെ റെയില്‍ പദ്ധതി വരില്ലെന്നും അതിന് കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും അനുമതി നല്‍കില്ലെന്നും മെട്രോമാന്‍ ഇ ശ്രീധരന്‍. കെ റെയില്‍ ഉപേക്ഷിച്ചുവെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ കേന്ദ്രവുമായി ബദല്‍ പദ്ധതിക്ക് ബന്ധപ്പെട്ട് സംസാരിക്കാന്‍ തയ്യാറാണെന്നും ശ്രീധരന്‍ പാലക്കാട് പറഞ്ഞു. സംസ്ഥാനത്ത് സെമി സ്പീഡ് റെയില്‍ പദ്ധതി നിര്‍ദേശം നടപ്പാക്കാനാണു ശ്രമിക്കേണ്ടത്. ബദല്‍ പദ്ധതിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ശ്രീധരന്‍ പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഒരു കാരണവശാലും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ബദല്‍ പദ്ധതിക്കായുള്ള പ്രൊപ്പോസല്‍ താന്‍ കൊടുത്തിട്ടുണ്ട്. അത് സംസ്ഥാന സര്‍ക്കാരിന് ഇഷ്ടമാവുകയും ചെയ്തു. മുഖ്യമന്ത്രിയുമായി ആ പ്രൊപ്പോസല്‍ സംബന്ധിച്ച് ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അത് നടപ്പില്‍ വരുത്താനുള്ള ആലോചനയിലാണ് ഇപ്പോള്‍. കെ റെയിലിനെക്കാള്‍ വളരെ ഉപകാരമുള്ള പദ്ധതിയാണ് പുതിയത്. ബദല്‍ പദ്ധതി ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതല്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. കെ റെയില്‍ ഉപേക്ഷിച്ചുവെന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചാല്‍ പുതിയ പാതയ്ക്ക് അനുമതി ലഭിക്കും. എന്നാല്‍ ജാള്യത മൂലമാണ് അത്തരമൊരു നീക്കവുമായി കേരളം മുന്നോട്ടുപോകാത്തതെന്നും ശ്രീധരന്‍ പറഞ്ഞു.