മലപ്പുറം : മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ വീണ്ടും ആഞ്ഞടിച്ച് പി.വി അന്‍വര്‍ എംഎല്‍എ. എഡിജിപി എം.ആര്‍. അജിത്ത് കുമാറിനെ തൊട്ടാല്‍ സര്‍ക്കാരിന് പൊള്ളുമെന്നും ഇനി ആശ്രയം ഹൈക്കോടതിയെന്നും പി വി അന്‍വര്‍ പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദനത്തില്‍ എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് മതിയായ കാരണങ്ങളുണ്ട്. പക്ഷേ അജിത് കുമാറിനെ തൊടാന്‍ പോലും സര്‍ക്കാരിന് കഴിയില്ല. തൊട്ടാല്‍ സര്‍ക്കാരിന് പൊളളുമെന്നും അന്‍വര്‍ വ്യക്തമാക്കി. ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തില്‍ ഹൈക്കോടതി മാത്രമാണ് ഇനി ആശ്രയമെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതെ സമയം പ്രതിഷേധങ്ങള്‍ നടത്തി തന്നെ ഭയപ്പെടുത്താനാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ആഹ്വാനം. പ്രതിഷേധ പ്രകടനങ്ങളില്‍ മുദ്രാവാക്യം വിളിക്കുന്നവര്‍ എല്ലാവരും തന്റെ നിലപാടുകളോട് യോജിപ്പുള്ളവരാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനമാണ് പി.വി അന്‍വര്‍ ഇന്ന് ഉന്നയിച്ചത്. നിലമ്പൂരില്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമ്പോള്‍ പാര്‍ട്ടി നേതൃത്വം തന്നെ പൂര്‍ണമായും അവഗണിച്ചു. മുഖ്യമന്ത്രിയടക്കം നേതാക്കളാരും പ്രചാരണത്തിലെത്തിയില്ല. എല്ലാത്തിനും പിന്നില്‍ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസായിരുന്നു. ഇ.എന്‍.മോഹന്‍ദാസ് ഒന്നാം തരം വര്‍ഗീയവാദിയാണ്. പക്കാ ആര്‍.എസ്.എസുകാരനാണെന്നും മുസ്ലീം ആയതിനാലാണ് തന്നോടുള്ള വിരോധമെന്നും അന്‍വര്‍ വ്യക്തമാക്കി. 6 മാസം മുമ്പ് ഇ എന്‍ മോഹന്‍ ദാസിനെ ആര്‍.എസ്.എസ് ബന്ധത്തിന്റെ പേരില്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ വച്ച് ഒരു സെക്രട്ടറിയറ്റ് അംഗം കയ്യേറ്റം ചെയ്തിട്ടുണ്ട്. ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങളോടും സിപിഎം ജില്ലാ സെക്രട്ടറിക്ക് കടുത്ത വിരോധമാണെന്നും അന്‍വര്‍ ആരോപിച്ചു. കൂടുതല്‍ വിവരങ്ങള്‍ നാളത്തെ പൊതുയോഗത്തില്‍ വെളിപ്പെടുത്തുമെന്നും അന്‍വര്‍ പറഞ്ഞു.