കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കും; ബിജെപിയില്‍ ഏകാധിപത്യമെന്ന് രാഹുൽ ഗാന്ധി

Jaihind Webdesk
Friday, December 29, 2023

 

നാഗ്പുർ: കോൺഗ്രസ് രാജ്യത്ത് അധികാരത്തിലേറിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി. വരുന്ന ലോക്‌സഭാതിരഞ്ഞെടുപ്പ് രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാകും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിജയം കോൺഗ്രസിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ 139-ാമത് സ്ഥാപകദിനത്തില്‍ നാഗ്പൂരിൽ നടത്തിയ മെഗാറാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

ബിജെപിയും കോൺഗ്രസും പിന്തുടരുന്ന പ്രത്യയശാസ്ത്രങ്ങൾ വ്യത്യസ്തമാണ്. ബിജെപിയിൽ ഏകാധിപത്യമാണുള്ളത്. പ്രധാനമന്ത്രി ആരെയും കേൾക്കാൻ തയാറല്ല. നിയമം ബാധകമല്ലാത്ത രാജാവ് പറയുന്നത് പ്രജകൾ അനുസരിക്കണം എന്ന സ്ഥിതിയാണുള്ളത്. കോൺഗ്രസിൽ ചെറിയ പ്രവർത്തകനുപോലും പാർട്ടിയിലെ നേതാക്കളെ വിമർശിക്കാൻ അവസരമുണ്ട്. ബിജെപിയിൽ അടിമത്തമാണുള്ളതെന്ന് പാർട്ടിയിലെ തന്നെ ഒരു എംപി പറഞ്ഞതായും രാഹുല്‍ ചൂണ്ടിക്കാട്ടി. എല്ലാ ഭരണഘടനാസ്ഥാപനങ്ങളിലും ബിജെപി പിടിമുറുക്കിയിരിക്കുകയാണ്.  40 വർഷത്തിനിടെയുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.