ഇടുക്കി ഗവണ്‍മെന്റ് നഴ്‌സിങ് കോളജിലെ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന്റെ മുന്നറിയിപ്പ്. പഠിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ മാത്രം പഠിച്ചാല്‍ മതിയെന്നും, പാര്‍ട്ടിക്ക് വേണമെങ്കില്‍ കോളജ് പൂട്ടിക്കാനും അറിയാമെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ. പറയുന്നതനുസരിച്ച് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്താല്‍ അവരുടെ രണ്ടു വര്‍ഷം നഷ്ടമാകുമെന്നും ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസ് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി.
മന്ത്രി റോഷി അഗസ്റ്റിന്‍ വാഗ്ദാനം ചെയ്ത പൈനാവിലുള്ള ഹോസ്റ്റല്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ 16-ന് സമരം നടത്തിയത്. 18-ന് കളക്ടറുടെ ഓഫീസില്‍ നടത്താനിരുന്ന യോഗം, കളക്ടര്‍ ഇല്ലാത്തതിനാല്‍ ചെറുതോണിയിലുള്ള സി.പി.എം. ജില്ലാ സെക്രട്ടറിയുടെ ഓഫീസിലേക്ക് മാറ്റുകയായിരുന്നു. കോളജ് പ്രിന്‍സിപ്പല്‍, രണ്ട് അദ്ധ്യാപകര്‍, പി.ടി.എ. പ്രസിഡന്റ്, അഞ്ച് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
”നിങ്ങള്‍ എത്ര സമരം ചെയ്താലും ഒരു പ്രയോജനവുമില്ല. ഞങ്ങളുടെ സര്‍ക്കാരാണ് നഴ്‌സിങ് കോളജ് കൊണ്ടുവന്നതെങ്കില്‍ അത് ഇല്ലാതാക്കാനും ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ ഒരുക്കിത്തരുന്ന താമസസൗകര്യത്തില്‍ താമസിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നഴ്‌സിങ് കോളജ് പാര്‍ട്ടിക്കാര്‍ വേണ്ടെന്ന് വെക്കും.” പൈനാവിലുള്ള ഹോസ്റ്റല്‍ തുറന്നുനല്‍കണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികളോട് സി.വി. വര്‍ഗീസ് പറഞ്ഞു.
എന്ത് സമരം ചെയ്താലും ഒരു നടപടിയും ഉണ്ടാകില്ലെന്നും നഷ്ടം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണെന്നും സി.പി.എം. ജില്ലാ സെക്രട്ടറി പറഞ്ഞു. യോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയ പി.ടി.എ. അംഗത്തോട് ”എന്നെപ്പറ്റി ശരിക്കും അറിയാമോ?” എന്ന ഭീഷണി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് മുഴക്കിയെന്നും ആരോപണമുണ്ട്.