ഇടുക്കി : മൂന്ന് വർഷങ്ങള്‍ക്ക് ശേഷം ഇടുക്കി ഡാം ഇന്ന് വീണ്ടും തുറക്കുന്നു. ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് തുറക്കുന്നത്. അണക്കെട്ടിന്റെ ചരിത്രത്തില്‍ ഇത് അഞ്ചാം തവണയാണ് ഷട്ടര്‍ തുറക്കുന്നത്. ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റി മീറ്ററാണ് ഉയര്‍ത്തുന്നത്. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുകും. ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലർത്തണമെന്ന് നിർേദശം നല്‍കിയിട്ടുണ്ട്.
ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചു. ഈ സ്ഥലങ്ങളിലെ പുഴകളില്‍ മീന്‍ പിടിത്തം പാടില്ല. നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം. വീഡിയോ, സെല്‍ഫി എടുക്കല്‍, ഫേസ്ബുക്ക് ലൈവ് എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് മാത്രം ചിത്രീകരണം നടത്തേണ്ടതാണ്.
രാവിലെ 10.55 ന് സൈറൺ മുഴക്കും. മന്ത്രിമാരുടെ സാന്നിധ്യത്തിൽ ആണ് ഷട്ടർ തുറക്കുക. ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ജില്ലാ കളക്ടർ ഷീബ ജോർജ്, വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ സുപ്രിയ എസ്, ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസന്നകുമാർ, എക്സിക്യൂട്ടീവ് ആർ ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തിൽ ആദ്യം മൂന്നാമത്തെ ഷട്ടർ തുറക്കും. ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും ഉയർത്തും.35 സെന്റി മീറ്റർ വീതമാണ് ഷട്ടർ ഉയർത്തുന്നത്.