ഇടുക്കിയില്‍ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം; സഹായഹസ്തവുമായി നടന്മാർ

Jaihind Webdesk
Tuesday, January 2, 2024

ഇടുക്കി: ഇടുക്കി തൊടുപുഴയില്‍ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടിക്കർഷകർക്ക് സഹായഹസ്തവുമായി നടന്മാർ. അഞ്ച് ലക്ഷം രൂപ ജയറാം കുട്ടികളുടെ വീട്ടിലെത്തി കൈമാറി. പുതിയ സിനിമയുടെ പ്രമോഷനായുള്ള തുകയാണ് കുട്ടികൾക്ക് കൈമാറിയത്. അതേസമയം പൃഥിരാജ് രണ്ട് ലക്ഷം രൂപയും മമ്മൂട്ടി ഒരു ലക്ഷം രൂപയും സഹായ വാഗ്ദാനം ചെയ്തതായി ജയറാം പറഞ്ഞു. മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും കുട്ടികളുടെ വീട്ടിലെത്തി. ഇൻഷുറൻസ് പരിരക്ഷയോടെ അഞ്ച് പശുക്കളെ നൽകുമെന്ന് ചിഞ്ചുറാണി പറഞ്ഞു.

22 പശുക്കളാണ് ഇവർക്കുണ്ടായിരുന്നത്. ഇതിൽ 13 പശുക്കളാണ് ഞായറാഴ്ച രാത്രി ചത്തത്. അഞ്ച് പശുക്കൾ ഗുരുതരാവസ്ഥയിലായിരുന്നു. ഇതിൽ മൂന്നു പശുക്കളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. രണ്ട് പശുക്കൾ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.

കപ്പത്തോടിൽനിന്നുള്ള വിഷബാധയാണ് പശുക്കൾ ചാവാൻ കാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. 17ഉം 15ഉം വയസുകാരായ ജോർജിന്റെയും മാത്യുവിന്റെയും പശുക്കളാണ് ചത്തത്. സംഭവം കണ്ടുനിന്ന മാത്യുവിനും അമ്മക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മികച്ച കുട്ടിക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചയാളാണ് മാത്യു.