കൊവിഡ് കുതിപ്പില്‍ നിറഞ്ഞ് ആശുപത്രികള്‍ ; ഇതര ചികിത്സകള്‍ പരിമിതപ്പെടുത്തേണ്ട സ്ഥിതി, ആശങ്ക

Jaihind Webdesk
Saturday, April 17, 2021

തിരുവനന്തപുരം : കൊവിഡിന്‍റെ രണ്ടാം തരംഗം കേരളത്തിലും ആശങ്ക വിതയ്ക്കുന്നു. സംസ്ഥാനത്ത് ഓരോ ദിവസവും കൊവിഡ് കേസുകള്‍ വർധിക്കുന്നതോടെ ആശുപത്രികളും രോഗികളാല്‍ നിറയുന്ന സ്ഥിതിയാണുള്ളത്. രോഗബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി ഉയരുന്നത് ആരോഗ്യപ്രവർത്തകർക്കിടയിലും ആശങ്ക സൃഷ്‌ടിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ചികിത്സക്കായി മാറ്റിയ 80 ഐസിയു കിടക്കകളും നിറഞ്ഞു. കൊവിഡ് വിഭാഗത്തിലെ 65 വെന്‍റിലേറ്ററുകളിലും രോഗികളുണ്ട്.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലും തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. കഴിഞ്ഞ ദിവസം പതിനായിരത്തിലേറെയായിരുന്നു സംസ്ഥനത്തെ കൊവിഡ് കണക്ക്. നിലവിലെ കൊവിഡ് രോഗികള്‍ക്കായി കൂടുതൽ കിടക്കകൾ കണ്ടെത്തണമെങ്കിൽ ഇതര ചികിത്സകൾ ഭാഗികമായോ പൂർണമായോ നിർത്തിവെക്കേണ്ടി വരുന്ന സ്ഥിതിവിശേഷമാണുള്ളത്. ഇത് മറ്റ് ഗുരുതര രോഗങ്ങളുളളവരെ സാരമായി ബാധിക്കും.

എല്ലാ ജില്ലകളിലും കൂടുതൽ സർക്കാർ ആശുപത്രികളെ കൊവിഡ് ആശുപത്രികളാക്കി മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ (സി.എഫ്.എൽ.ടി.സി) ആരംഭിക്കേണ്ടതില്ലെന്നാണ് നിർദേശം. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഐസിയു സജ്ജീകരിച്ചിട്ടില്ല. നിലവിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ 2714 ഐ സി യുകളിൽ 1405ലും രോഗികളുണ്ട്. ഇതിൽ 458 പേർ കൊവിഡ് ബാധിതരും 947 പേർ ഇതരരോഗ ബാധിതരുമാണ്. 1423 വെന്‍റിലേറ്ററുകളിൽ 162ൽ കൊവിഡ് ബാധിതരെയും 215ൽ ഇതര രോഗങ്ങളുളളവരെയും പ്രവേശിപ്പിച്ചിരിക്കുന്നു. 1046 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. സ്വകാര്യ ആശുപത്രികളിലെ 6213 ഐ.സി.യുകളിൽ 286 എണ്ണത്തിൽ മാത്രമേ കൊവിഡ് ബാധിതരുളളൂ. ഈ മേഖലയിലെ 1579 വെന്‍റിലേറ്ററുകളിൽ 59 കൊവിഡ് ബാധിതർ ചികിത്സയിലുണ്ട്.

ഒരു ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ആയിരത്തിൽ അധികം രോഗികളിൽ അഞ്ച് ശതമാനത്തിലേറെ പേർക്കും തീവ്രപരിചരണം ആവശ്യമായി വരുന്നുവെന്നാണ് കണക്ക്. സ്ഥിതി ഗുരുതരമാണെന്നും തീവ്രപരിചരണത്തിന് കൂടുതൽ സൗകര്യങ്ങൾ വേണമെന്നും ആശുപത്രികൾ ഇതിനോടകം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവി‍ഡ് ബാധിച്ച് കിടത്തി ചികിത്സ വേണ്ട 1400 പേരെയെങ്കിലും പ്രതിദിനം ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നുണ്ട്. ഇതിൽ നല്ലൊരു വിഭാഗത്തിനും ന്യുമോണിയയും ജീവിതശൈലി രോഗങ്ങളും ഉണ്ടാകുന്നുണ്ട്. ഇതോടെയാണ് തീവ്രപരിചരണ വിഭാഗം ആവശ്യമായി വരുന്നത്. ആശങ്ക ഉയർത്തുന്നതാണ് സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിന്‍റെ വ്യാപനവേഗം.