ഐസിയു പീഡനക്കേസ്; ഡോ കെ.വി. പ്രീതിക്കെതിരായ അതിജീവിതയുടെ പരാതിയില്‍ തുടരന്വേഷണം

Monday, May 6, 2024

കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ ഡോ.കെ.വി. പ്രീതിക്കെതിരായ അതിജീവിതയുടെ പരാതിയില്‍ തുടരന്വേഷണം. ഉത്തര മേഖല ഐജി തുടരന്വേഷണം ഉറപ്പു നല്‍കിയതായി അതിജീവിത പറഞ്ഞു. എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക. വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരായ പരാതിയില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖല ഐജിയെ കണ്ടിരുന്നു. പിന്നാലെയാണ് പരാതിയില്‍ തുടരന്വേഷണം നടത്താമെന്ന ഉറപ്പ് കിട്ടിയത്.

താന്‍ മൊഴിയായി പറഞ്ഞ പല കാര്യങ്ങളും വൈദ്യ പരിശോധനയ്‌ക്കെത്തിയ ഡോക്ടര്‍ രേഖപ്പെടുത്തിയില്ലെന്ന അതിജീവിതയുടെ പരാതി പോലീസ് തള്ളിയിരുന്നു. ഡോക്ടര്‍ക്കനുകൂലമായ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് ചിലരെ സംരക്ഷിക്കാനാനുള്ള ശ്രമങ്ങളുടെ ഭാഗമെന്നായിരുന്നു അതിജീവിതയുടെ ആരോപണം. ഇത് കൂടി കണക്കിലെടുത്താണ് തുടരന്വേഷണം നടത്തുന്നത്. തുടരന്വേഷണത്തിനുള്ള ഉത്തരവ് ഇറങ്ങിയാല്‍ പുതിയ സംഘം ഡോക്ടറുടെ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തും.

മാര്‍ച്ച് 18നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലിരിക്കവെ യുവതി  പീഡനത്തിനിരയായത്. തുടര്‍ന്ന് സംഭവത്തില്‍ പ്രതിയും അറ്റന്‍ഡറുമായ ശശീന്ദ്രനെ  പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ മറ്റ് നടപടികളിലേക്ക് കടന്നിട്ടില്ല.  തുടര്‍ന്ന് തനിക്ക് നീതി വൈകിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി  അതിജീവിത കോടതിയെ സമീപിച്ചു. പിന്നീട് ചീഫ് നഴ്സിംഗ് ഓഫീസര്‍, നഴ്സിംഗ് സൂപ്രണ്ട്, സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അതിജീവിതയെ മൊഴി നല്‍കുന്നതിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു.

അതേസമയം അതിജീവിതയെ പിന്തുണച്ച് മൊഴി നല്‍കിയ നഴ്സിംഗ് ഓഫീസറായ അനിതയെ സ്ഥലം മാറ്റിയെങ്കിലും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് തിരിച്ചെടുത്തു. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ കോപ്പി ആവശ്യപ്പെട്ട് അതിജീവിത വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. പരാതിയെക്കുറിച്ച്  അന്വേഷിക്കാനും വിഷയത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട്‌ നൽകാനും മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് കിട്ടാത്തതിനെ തുടര്‍ന്ന് അതിജീവിത സമരം പുനഃരാരംഭിച്ചിരുന്നു. പിന്നീട് അന്വേഷണ റിപ്പോർട്ട് ഉടൻ നൽകുമെന്ന ഐജിയുടെ ഉറപ്പില്‍ സമരം അവസാനിപ്പിച്ചു.