ബംഗ്ലാദേശിനെതിരെ കര്‍ശന നിലപാടുമായി ഐസിസി; ഇന്ത്യയില്‍ കളിച്ചില്ലെങ്കില്‍ പോയിന്റ് നഷ്ടമാകും

Jaihind News Bureau
Wednesday, January 7, 2026

 

ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന പുരുഷ ട്വന്റി-20 ലോകകപ്പില്‍ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തള്ളി. ജയ് ഷാ അധ്യക്ഷനായ ഐസിസി, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായി നടത്തിയ വെര്‍ച്വല്‍ ചര്‍ച്ചയിലാണ് കര്‍ശന നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയിലെ സുരക്ഷാ സാഹചര്യങ്ങളില്‍ ആശങ്കയുണ്ടെന്നും മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമായിരുന്നു ബംഗ്ലാദേശിന്റെ ആവശ്യം. എന്നാല്‍ ഇന്ത്യയില്‍ കളിക്കാന്‍ ബംഗ്ലാദേശ് ബാധ്യസ്ഥരാണെന്നും മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നാല്‍ പോയിന്റുകള്‍ റദ്ദാക്കുമെന്നും ഐസിസി മുന്നറിയിപ്പ് നല്‍കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലുണ്ടായ വിള്ളലുകളാണ് കായിക രംഗത്തെ ഈ പ്രതിസന്ധിക്ക് പിന്നില്‍. ബംഗ്ലാദേശില്‍ ഹിന്ദു സമൂഹത്തിന് നേരെയുണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ നിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്‌മാനെ ബിസിസിഐയുടെ നിര്‍ദ്ദേശപ്രകാരം ഒഴിവാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് ഐപിഎല്‍ സംപ്രേക്ഷണം നിരോധിക്കുകയും ലോകകപ്പ് വേദി മാറ്റാന്‍ ഐസിസിയെ സമീപിക്കുകയുമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ബംഗ്ലാദേശ് ടീമിന്റെ ഇന്ത്യയിലെ പങ്കാളിത്തം വലിയ അനിശ്ചിതത്വത്തിലാണ്.

ലോകകപ്പ് മത്സരക്രമം അനുസരിച്ച് ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെട്ട ബംഗ്ലാദേശിന്റെ ആദ്യ മൂന്ന് മത്സരങ്ങളും കൊല്‍ക്കത്തയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 7-ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരം. തുടര്‍ന്ന് ഇറ്റലി, ഇംഗ്ലണ്ട് എന്നിവരുമായും കൊല്‍ക്കത്തയില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനായി ഇവര്‍ മുംബൈയിലേക്ക് പോകേണ്ടതുമുണ്ട്. എന്നാല്‍ ഐസിസിയുടെ പുതിയ അന്ത്യശാസനത്തോട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് എങ്ങനെ പ്രതികരിക്കുമെന്നത് വരും ദിവസങ്ങളില്‍ നിര്‍ണ്ണായകമാകും.