ഐബി ഉദ്യോഗസ്ഥയുടെ മരണം: ലൈംഗിക ചൂഷണത്തിന് ഇരയാക്കി, ഗര്‍ഭഛിദ്രം നടത്തി, ഒടുവില്‍ വിവാഹത്തില്‍ നിന്ന് സുകാന്ത് പിന്മാറി

Jaihind News Bureau
Sunday, April 6, 2025

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത് ആണ്‍സുഹൃത്തും കൊച്ചിയിലെ ഐബി ഉദ്യോഗസ്ഥനുമായ സുകാന്ത് സുരേഷ് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത് മൂലമെന്ന് പോലീസ്. ഒരു വര്‍ഷമായി ലൈഗികമായി ചൂഷണം ചെയ്യുകയും ഒടുവില്‍ ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തിട്ട് വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് മേഘയെ മനോവിഷമത്തിലാക്കിയത്. അതേസമയം ഒളിവില്‍ പോയ സുകാന്തിനെയും കുടുംബത്തിനെയും ഇതുവരെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല.

ബലാല്‍സംഗം, വഞ്ചന, ആത്മഹത്യപ്രേരണാ കുറ്റം തുടങ്ങിയ വകുപ്പുകള്‍ പോലീസ് സുകാന്തിനെതിരെ ചേര്‍ത്തിരുന്നു. കൂടാതെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍, പണം തട്ടല്‍ എന്നിങ്ങനെ പുതിയ വകുപ്പുകള്‍ കൂടി പോലീസ് ചേര്‍ത്തിട്ടുണ്ട്. ഹൈക്കോടതിയില്‍ സുകാന്ത് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പോലീസ് അറിയിച്ചു.

ഗര്‍ഭഛിദ്രം നടത്താന്‍ മേഘയെ സഹായിച്ച മറ്റൊരു യുവതിയെക്കുറിച്ചും പോലീസ് അന്വേഷിക്കുകയാണ്. 2024ല്‍ ട്രെയിനിങ് സമയത്താണ് മേഘയും സുകാന്തും പരിചയപ്പെടുന്നത.് അവിടെ നിന്നും കുറച്ചു നാള്‍ ഇവര്‍ ഒരുമിച്ചായിരുന്നു താമസം. പിന്നീട് ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്താന്‍ സുകാന്തിന്റെ സുഹൃത്തായ മറ്റൊരു യുവതിയുടെ സഹായം തേടിയിരുന്നു. എന്നാല്‍ ആ സുഹൃത്ത് ഐബി ഉദ്യോഗസ്ഥയല്ല. ഇക്കാര്യങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപിക്കും. മേഘയുടെ അക്കൗണ്ടില്‍ നിന്നും ഏകദേശം മൂന്നര ലക്ഷത്തോളം രൂപയാണ് സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയിരിക്കുന്നത്. ഇതിന്റെ തെിവുകളും പോലീസിന് ലഭിച്ചു.