ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കി

Jaihind News Bureau
Wednesday, April 2, 2025

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ സുഹൃത്ത് സുകാന്തിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. യുവതിയെ സാമ്പത്തികമായുംലൈംഗികമായും ചൂഷണം ചെയ്ത ശേഷം സുശാന്ത് വിവാഹബന്ധത്തില്‍ നിന്നും പിന്മാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിനുശേഷം എടപ്പാള്‍ സ്വദേശിയായ സുകാന്തും കുടുംബവും ഒളിവിലാണ്.

ഒളിവിലുള്ള സുകാന്തിനെ കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. സുകാന്ത് രാജ്യം വിട്ടുപോകാതിരിക്കാനാണ് നോട്ടീസിറക്കിയതെന്ന് പോലിസ് പറഞ്ഞു. അതേസമയം, മേഘ മരിച്ചപ്പോള്‍ തന്നെ സുകാന്ത് സുരേഷിനെതിരെ മേഘയുടെ അച്ഛന്‍ മധുസൂധനന്‍ പരാതി നല്‍കിയിരുന്നു. എന്നിട്ടും അയാളെ കണ്ടെത്താന്‍ സാധിക്കാതെ പോയത് പോലീസിന്റെ ഗുരുതര വീഴ്ചയെന്ന് അച്ഛന്‍ ആരോപിച്ചിരുന്നു.

മാര്‍ച്ച് 24 നാണ് പേട്ട റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തെ പാളത്തില്‍ മേഘയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മരിക്കുന്നതിന് 8 മിനിറ്റ് മുന്‍പ് സുകാന്തിനോട് മേഘ സംസാരിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍ പോയത്. ശേഷം പിതാവ് ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ മകള്‍ ലൈംഗികമായി ചൂഷണത്തിനിരയായിരുവെന്നും അതിന് ചികില്‍സ തേടിയിരുന്നതിന്റെ രേഖകളടക്കം പിതാവ് പോലീസിന് കൈമാറിയിട്ടുണ്ട്. 8 മാസത്തോളമായി മകളുടെ ശമ്പളം അടക്കം ഇയാള്‍ സ്വന്തമാക്കിയിരുന്നു.