ഐബി ഉദ്യോഗസ്ഥയുടെ മരണം: മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി പ്രതി

Jaihind News Bureau
Thursday, April 3, 2025

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കൊച്ചിയില്‍ ഐബി ഉദ്യോഗസ്ഥനാണ് സുകാന്ത്. സംഭവത്തിന് പിന്നാലെ ഇയാളും കുടുംബവും ഒളിവിലാണ്. ഇന്നലെ ഇയാളുടെ ലുക്കൗട്ട് നോട്ടീസ് പോലീസ് പുറത്തിറക്കിയിരുന്നു.

മരിച്ച ഐബി ഉദ്യോഗസ്ഥ മേഘയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹാലോചന നടത്തിയിരുന്നുവെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. യുവതിയുടെ മരണത്തോടെ താന്‍ മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും അപേക്ഷയില്‍ പറയുന്നു.

അതേസമയം ലൈംഗികപരമായും സാമ്പത്തികപരമായും മകളെ പ്രതി ചൂഷണം ചെയ്തിരുന്നുവെന്ന് അച്ഛന്‍ പേട്ട പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി ഇയാളെ പോലീസ് പ്രതി ചേര്‍ത്തിരുന്നു.