സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. നാല് ജില്ലകളില്‍ കളക്ടര്‍മാര്‍ക്ക് മാറ്റം. പൊതു വിദ്യാഭ്യാസ സെക്രട്ടറി എസ്. ഷാനവാസിനെ മാറ്റി പകരം വാസുകിക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നല്‍കി. തൊഴില്‍ വകുപ്പില്‍ നിന്നാണ് കെ വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ആക്കിയത്.തൊഴില്‍ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി എസ് ഷാനവാസിനെ നിയമിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി ഡോ. എസ് ചിത്രയെയും നിയമിച്ചു. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി ഷീബ ജോര്‍ജിനെ നിയമിച്ചു. എ ഗീതയാണ് പുതിയ റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറി. അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ജെറോമിക് ജോര്‍ജിനെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറായി നിയമിച്ചു.
ഇടുക്കി ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരിയെ കൃഷി വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറായി നിയമിച്ചു. പാലക്കാട് ജില്ലാ കളക്ടര്‍ ജി പ്രിയങ്ക എറണാകുളം ജില്ലാ കളക്ടറാകും. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എം എസ് മാധവിക്കുട്ടിയെ പാലക്കാട് ജില്ലാ കളക്ടറായി നിയമിച്ചു. കേരള ഹൗസ് അഡീഷണല്‍ റസിഡന്റ് കമ്മീഷണറായ ചേതന്‍ കുമാര്‍ മീണയാണ് പുതിയ കോട്ടയം കളക്ടര്‍. പഞ്ചായത്ത് ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിനെ ഇടുക്കി ജില്ലാ കളക്ടറാക്കി.