ചുരു: ഇന്ത്യന്‍ വ്യോമസേനയുടെ ഒരു ജാഗ്വാര്‍ യുദ്ധവിമാനം രാജസ്ഥാനിലെ ചുരു ജില്ലയ്ക്ക് സമീപം തകര്‍ന്നു വീണു. ബുധനാഴ്ച രാവിലെ ഭാനുഡ ഗ്രാമത്തിലാണ് സംഭവം. പൈലറ്റ് ഉള്‍പ്പെടെ രണ്ടു സൈനികർ വീരമൃത്യു വരിച്ചു. പരിശീലനത്തിനിടെയാണ് അപകടമെന്ന് വ്യോമസേനവ്യക്തമാക്കി.
നാട്ടുകാരുടെ മൊഴിയനുസരിച്ച്, ആകാശത്ത് വലിയ ശബ്ദം കേള്‍ക്കുകയും തുടര്‍ന്ന് വയലുകളില്‍ നിന്ന് തീയും പുകയും ഉയരുകയും ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ പോലീസ്, അഡ്മിനിസ്‌ട്രേറ്റീവ് സംഘങ്ങള്‍ സ്ഥലത്തേക്ക് കുതിച്ചെത്തി. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് പൈലറ്റിന്റെ ശരീരം ഗുരുതരാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. സൈന്യവും പ്രാദേശിക ഭരണകൂടവും ചേര്‍ന്ന് മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്.
വിമാനം തകര്‍ന്നുവീണ വാര്‍ത്ത പരന്നതോടെ രതന്‍ഗഡില്‍ പരിഭ്രാന്തി പരന്നു. കളക്ടര്‍ അഭിഷേക് സൂറാനയും പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരും അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണം ഇനിയും ലഭിക്കാനുണ്ട്.
വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് വയലുകളില്‍ തീപിടിച്ചെന്നും അത് കെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെന്നും ഗ്രാമീണര്‍ പറഞ്ഞു. അപകടത്തിന്റെ കൃത്യമായ കാരണം സൈന്യം സ്ഥിരീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.