വിവാദമായ മലപ്പുറം പരാമര്‍ശം പിന്‍വലിക്കാതെ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലപ്പുറത്തെ ഈഴവ സമുദായത്തിന്റെ പിന്നോക്കാവസ്ഥയാണ് വിവരിച്ചതെന്നാണ് വെള്ളാപ്പള്ളി നടേശന്റെ വിശദീകരണം. മലപ്പുറം ആരുടെയും സാമ്രാജ്യമല്ല, തന്റെ കോലം കത്തിക്കുന്നതിന് പകരം തന്നെ കത്തിച്ചോളൂ, എന്നാലും പറഞ്ഞതില്‍ ഒരു വാക്കുപോലും പിന്‍വലിക്കില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കണിച്ചുകുളങ്ങരയില്‍ പറഞ്ഞു.
മലപ്പുറം പരാമര്‍ശത്തിനെതിരെ വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെയാണ് വെള്ളാപ്പള്ളി നടേശന്‍ വിശദീകരണവുമായി രംഗത്ത് എത്തിയത്. പ്രസംഗത്തിന്റെ ഒരു ഭാ?ഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിച്ച് തന്നെ വര്‍ഗീയവാദിയാക്കാനാണ് ചില മാധ്യമങ്ങളുടെ ശ്രമം. പറഞ്ഞതില്‍ ഒരു വാക്കുപോലും പിന്‍വലിക്കാനില്ല. മലപ്പുറത്ത് ഈഴവ സമുദായത്തിന്റെ പിന്നോക്കാവസ്ഥയാണ് പറഞ്ഞത്. മലപ്പുറത്ത് 17 കോളേജുകള്‍ മുസ്‌ളിം സമുദായത്തിനുള്ളപ്പോള്‍ ഈഴവ സമുദായത്തിന് ഒരുകോളേജ് പോലുമില്ല. ലീഗിലെ പ്രമുഖന്‍മാരായ സമ്പന്നന്‍മാരാണ് മലപ്പുറത്തെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നത്.
താന്‍ മുസ്ലീം വിരോധിയല്ല, തന്നെ അങ്ങനെയാക്കാനാണ് ലീഗ് നേതാക്കളുടെ ശ്രമം. റഹീമിനെ സിന്‍ഡിക്കേറ്റ് അംഗമാക്കിയത് ഈഴവര്‍ വോട്ട് കൊടുത്താണ്. മത വിദ്വേഷമുണ്ടെങ്കില്‍ ഈഴവനെ നിര്‍ത്തി വിജയിപ്പിക്കാമായിരുന്നില്ലേയെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.
56% ആണ് മലപ്പുറത്തെ മുസ്ലിം ജനസംഖ്യ. മലപ്പുറം മുസ്ലീം രാജ്യമാണെന്ന് പറയാന്‍ സാധിക്കില്ല. സാമൂഹ്യ നീതി മലപ്പുറത്ത് ഇല്ല എന്ന് പറഞ്ഞത് സത്യമാണ്. കേസെടുക്കാന്‍ താന്‍ എന്ത് പിണ്ണാക്ക് ചെയ്തിട്ടാണെന്നും വെള്ളാപ്പള്ളി ചോദിച്ചു. ക്രൈസ്തവ സമുദായത്തെപ്പറ്റിയും താന്‍ പറഞ്ഞിട്ടുണ്ട്, അവരാരും ചാടിക്കടിക്കാന്‍ വന്നിട്ടില്ല.
നീതി നിഷേധിക്കപ്പെടുമ്പോഴാണ് ജാതിചിന്ത ഉണ്ടാകുന്നത്. താന്‍ ഇതൊക്കെ പറയുന്നത് മതസൗഹാര്‍ദ്ദത്തിന് വേണ്ടിയാണ്. മുസ്ലീം ലീഗ് മത പാര്‍ട്ടിയാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. മതേതര പാര്‍ട്ടിയാണെന്ന് പറയിച്ചത് അവരുടെ സംഘടിത ശക്തി. കോണ്‍ഗ്രസ് ലീഗിന്റെ തടവറയിലാണ്. ലീഗിനെ സുഖിപ്പിച്ച് നിര്‍ത്തേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഇ ഡി റെയ്ഡുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ നിന്ന് ഗോകുലം ഗോപാലനെ രക്ഷിക്കാനാണ് തന്നെ വാര്‍ത്തയാക്കുന്നത്. വര്‍ഗീയ വാദിയാണെന്ന് പറഞ്ഞ് തന്നെ ചവിട്ടിമെതിക്കുന്നവര്‍ക്ക് കാലം മാപ്പ് കൊടുക്കില്ല. മാധ്യമങ്ങള്‍ എന്ത് അജന്‍ഡ നടപ്പാക്കിയാലും തന്റെ ഉദ്യമവുമായി മുന്നോട്ട് പോകുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു