ജയിലിലടച്ചത് ബിജെപിയെ പിന്തുണയ്ക്കാത്തതുകൊണ്ട് ; ഈശ്വരപ്പയ്ക്ക് ഡികെ ശിവകുമാറിന്‍റെ മറുപടി

Jaihind Webdesk
Tuesday, December 7, 2021

 

ബംഗലുരു : തനിക്ക് ജയിലില്‍ പോകേണ്ടിവന്നത് ബിജെപിയെ പിന്തുണയ്ക്കാത്തതുകൊണ്ടെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. രാജ്യത്തെ ഏറ്റവും അഴിമതി സർക്കാരാണ്  കർണാടകയിലെ ബിജെപി സർക്കാരെന്നും അദ്ദേഹം ആരോപിച്ചു. എന്തിനാണ് ജയിലില്‍ പോയതെന്ന മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായ കെഎസ് ഈശ്വരപ്പയുടെ ചോദ്യത്തിനായിരുന്നു ഡികെയുടെ മറുപടി.

ബിജെപിയെ പിന്തുണയ്ക്കാത്തതിനാലും പാര്‍ട്ടിയില്‍ ചേരാത്തതിനുമാണ് തനിക്ക് തീഹാര്‍ ജയിലില്‍ പോകേണ്ടിവന്നത്.  വലിയ അഴിമതി ആരോപണങ്ങളാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി കര്‍ണാടകത്തില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണ് കർണാടകയിലെ ബിജെപി സർക്കാരെന്ന് ഡികെ ശിവകുമാർ ആരോപിച്ചു. ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നെങ്കില്‍ ജയിലില്‍ പോകില്ലായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘എല്ലാം അറിയാം, അതിന് രേഖകളുണ്ട്…’ എന്നായിരുന്നു ഡികെയുടെ മറുപടി.

കർണാടകയില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കുമെന്ന മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയുടെ പ്രസ്താവന നിരാശയില്‍ നിന്നാണെന്ന് ഡികെ ശിവകുമാർ പരിഹസിച്ചു. സ്വന്തം പാർട്ടിയില്‍ നിന്ന് ദിവസവും പീഡനം ഏറ്റുവാങ്ങേണ്ടിവരുന്ന അവസ്ഥയിലാണ് യെദിയൂരപ്പ. അതിനാല്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ആശ്വാസം കണ്ടെത്താനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നതെന്നും ഡികെ തിരിച്ചടിച്ചു. ബിജെപിയുടെ രാഷ്ട്രീയ പ്രതികാരത്തിന് ഇരയായി 2019 സെപ്റ്റംബര്‍ 3 നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. 2019 ഒക്ടോബര്‍ 23ന് ഡല്‍ഹി ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.