“പാകിസ്ഥാന് വേണ്ടി കപ്പലുകൾ വിടാം വിടാതിരിക്കാം. പക്ഷെ എന്റെ രാജ്യത്തിന്റെ സമുദ്രാതിർത്തി കടക്കുന്ന കപ്പലുകളും സൈനികരും തിരിച്ചു പോകണോ എന്ന് ഞാൻ തീരുമാനിക്കും. മറക്കരുത് നിക്സനു മുന്നിൽ പതറാതിരുന്ന ഇന്ദിരയെ!

Jaihind News Bureau
Wednesday, February 5, 2025

തിരുവനന്തപുരം: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ലോകത്തെവിടെയും മുന്‍നിരയിലായിരുന്നു സ്ഥാനം. അത് ഏത് രാജ്യത്തിലായാലും ഏത് സമ്മേളനത്തിലായാലും. ‘നിങ്ങള്‍ക്ക് അദ്ദേഹത്തോട് യോജിക്കാം, വിയോജിക്കാം. പക്ഷേ, ഒരിക്കലും നിങ്ങള്‍ക്ക് അദ്ദേഹത്തെ അവഗണിക്കാനാവില്ല’ എന്നാണ് ചൈനയുടെ എക്കാലത്തേയും സമുന്നതനായ നേതാവ് മാവോ സെതുങ് നെഹ്‌റുവിനെക്കുറിച്ച് പറഞ്ഞത്. നെഹ്‌റുവിന് ലോകം നല്‍കിയിരുന്ന ആദരവിനെക്കുറിച്ച് ബി.ജെ.പി. നേതാക്കള്‍ക്ക് പോലും രണ്ടഭിപ്രായമുണ്ടാവാനിടയില്ല.

ഇനി പറയാൻ പോകുന്നത് ആ നെഹ്‌റുവിന്റെ മകൾ ഇന്ദിര ഗാന്ധിയെക്കുറിച്ചാണ്. 1971-ലെ ബംഗ്ളാദേശ് യുദ്ധകാലത്ത് അമേരിക്ക ഇന്ത്യയെ ഒന്ന് പേടിപ്പിക്കാന്‍ ശ്രമിച്ചു. യുദ്ധം തുടങ്ങും മുമ്പ് ഇന്ദിര ഗാന്ധി അമേരിക്കയില്‍ പ്രസിഡന്റ് നിക്സനെ കണ്ടിരുന്നു. പൊതുവെ എന്തും. വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരിയാണ് ഇന്ദിര. ഉള്ളിലുള്ള കാര്യം മറച്ചുവെയ്ക്കുന്ന സ്വഭാവം ഇന്ദിരയ്ക്കുണ്ടായിരുന്നില്ല. ഇന്ദിര ഏറ്റവും വെറുത്തിരുന്നതും കാപട്യമായിരുന്നു.

പാക്കിസ്താന്‍ നേതാവ് യഹിയ ഖാനോട് നിക്സന് കൂടുതല്‍ അടുപ്പമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ബംഗ്ളാദേശ് പ്രശ്നത്തില്‍ ഇന്ത്യയ്ക്ക് പിന്തുടണ നല്‍കാന്‍ നിക്സന്‍ വിസമ്മതിച്ചു. അത് അങ്ങനെയേ വരൂ എന്ന് ഇന്ദിരയ്ക്ക് അറിയാമായിരുന്നു. അതിന് കാരണവുമുണ്ട്. 1971-ല്‍ അമേരിക്കയില്‍ നടന്ന ഒരു സര്‍വ്വേയില്‍ ലോകത്തെ ഏറ്റവും ആരാദ്ധ്യയായ നേതാവായി ഇന്ദിര തിരഞ്ഞെടുക്കപ്പെട്ടു. അന്ന് അമേരിക്കക്കാരുടെ മാനസിക വൈകല്യമാണ് ഇതിനു പിന്നിലെന്നായിരുന്നു നിക്സന്‍ പറഞ്ഞത്.

നിക്സന്റെയും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹെന്‍ട്രി കിസിംഗറുടെയും എതിര്‍പ്പ് പക്ഷേ, ഇന്ദിര കാര്യമാക്കിയില്ല. നിക്സനെ കാണും മുമ്പുതന്നെ മോസ്‌കോയാലെത്തി സോവിയറ്റ് റഷ്യയുടെ പ്രസിഡന്റ് ബ്രഷ്നേവിന്റെ പിന്തുണ ഇന്ദിര ഉറപ്പാക്കിയിരുന്നു. 1971 ഡിസംബര്‍ മൂന്നിന് പാക്കിസ്താന്‍ ഇന്ത്യയുടെ ചില വ്യോമസേന താവളങ്ങള്‍ ആക്രമിച്ചു. ഇതോടെ ഇന്ത്യ തിരിച്ചടിച്ചു. അതാണ് ഇന്ദിര എന്ന ഉരുക്കുവനിതയുടെ നിശ്ചയദാർഢ്യം.

ഇന്ത്യ -പാക്ക് യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ നിക്സന്‍ നോക്കി നിന്നില്ല. പാകിസ്ഥാനോടുള്ള പ്രത്യേക മമത ഇതിനു പിന്നിൽ ഉണ്ടായിരുന്നു എന്നത് വ്യക്തം. ഇന്ത്യയെ പേടിപ്പിക്കാന്‍ അമേരിക്ക ഏഴാം കപ്പല്‍ പടയെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് വിട്ടു.

പിന്നാലെ ഒരു ഫോൺ കാൾ വന്നു വൈറ്റ് ഹൗസിൽ നിന്ന്. എത്രയും പെട്ടെന്ന് പാകിസ്താനെതിരെയുള്ള യുദ്ധം ഇന്ത്യ അവസാനിപ്പിക്കണം. അല്ല എങ്കിൽ പാകിസ്ഥാനെ സഹായിക്കാൻ അമേരിക്കയുടെ ഏഴാം കപ്പൽപ്പട എത്തുമെന്ന് മുന്നറിയിപ്പും. ഇന്ദിര ഗാന്ധിയുടെ മറുപടിയായിരുന്നു ശ്രദ്ധേയം.

“പാകിസ്താന് വേണ്ടി കപ്പലുകൾ വിടാം വിടാതിരിക്കാം. പക്ഷെ എന്റെ രാജ്യത്തിന്റെ സമുദ്രാതിർത്തി കടക്കുന്ന കപ്പലുകളും അതിലെ സൈനികരും തിരിച്ചു പോകണോ എന്ന് ഞാൻ തീരുമാനിക്കും..” ഇന്ത്യയുടെ മറുപടി ഇതായിരുന്നു.

ഡിസംബര്‍ 16-ന് വൈകീട്ട് അഞ്ചിന് പാക്കിസ്താന്റെ പരാജയം അറിയിച്ചുകൊണ്ടുള്ള ഇന്ത്യന്‍ സൈനിക മേധാവി സാം മനേക്ഷായുടെ ഫോണ്‍ സന്ദേശം ഇന്ദിരയെത്തേടിയെത്തി. വിവരം അറിഞ്ഞയുടനെ ഇന്ദിര പാര്‍ലമെന്റിലേക്ക് കുതിച്ചു. ”ധാക്ക ഇപ്പോള്‍ ഒരു സ്വതന്ത്ര രാജ്യത്തിന്റെ തലസ്ഥാനമാണ്. ഈ ചരിത്രസംഭവത്തില്‍ ഈ സഭയും രാജ്യവും ആഹ്ളാദിക്കുന്നു.” ഇതായിരുന്നു ഇന്ദിര. ഇതായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി. ഈ ഇന്ദിരയെയാണ് അന്ന് ജനസംഘം നേതാവായിരുന്ന അടല്‍ ബിഹാരി വാജ്പേയി ദുര്‍ഗ്ഗ എന്ന് വിളിച്ചത്.

നെഹ്രുവും ഇന്ദിരയും സായിപ്പിന് മുന്നില്‍ കവാത്ത് മറക്കുന്നവരായിരുന്നില്ല. അവരൊരിക്കലും വാഷിംഗ്ടണില്‍പോയി അമേരിക്കന്‍ പ്രസിഡന്റിന് ജയ് വിളിച്ചില്ല. ഒരു വട്ടം കൂടി ഇയാളെ പ്രസിഡന്റാക്കണമെന്ന് ഒരു പ്രസിഡന്റിനു വേണ്ടിയും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടില്ല. അമേരിക്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള ലക്ഷ്മണരേഖ എവിടെയാണെന്നും എന്താണെന്നും കൃത്യമായി അറിയാവുന്നവരായിരുന്നു ഈ നേതാക്കള്‍. ഇന്ന് ഇന്ത്യക്ക് ഇല്ലാതെ പോകുന്നതും അത് തന്നെയാണ്.