ഐ ലീഗ് ഫുട്ബോള്‍ : ഗോകുലം കേരളയ്ക്ക് മോഹൻ ബഗാനോട് തോൽവി

Jaihind News Bureau
Tuesday, December 17, 2019

ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരളയ്ക്ക് മോഹൻ ബഗാനോട് തോൽവി. ഒന്നിനെതിരായ രണ്ടു ഗോളുകൾക്കാണ് ബഗാന്‍റെ വിജയം. ഗോകുലം കേരളയുടെ സീസണിലെ ആദ്യ തോൽവിയാണിത്.

ഇരട്ടഗോൾ നേടിയ ഫ്രാൻ ഗോൺസാലെസാണ് സ്വന്തം തട്ടകത്തിൽ ബഗാന്‍റെ വിജയമുറപ്പിച്ചത്. ഗോകുലത്തിനായി ക്യാപ്റ്റൻ മാർക്കസ് ജോസഫ് ലക്ഷ്യം. കണ്ടു മറ്റൊരു മത്സരത്തിൽ പഞ്ചാബ് എഫ്സി ഇന്ത്യൻ ആരോസിനെ ഒരു ഗോളിന് കീഴടക്കി.

കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിൽ ഗോകുലവും ബഗാനും തുടക്കംമുതലേ വീറോടെയായുരുന്നു. ബഗാനായിരുന്നു കളത്തിൽ ആദ്യം മുന്നിൽ. ഗോൺസാലെസിന്‍റെയും ജോസെബ ബെയ്റ്റിയയുടെയും കീഴിൽ അവർ അക്രമം അഴിച്ചുവിട്ടു. ഇടവേളയ്ക്ക് തൊട്ടുമുമ്പ് പെനൽറ്റിയിലൂടെ തന്നെ ഗോകുലം ഒപ്പമെത്തി. പന്തുമായി മുന്നേറിയ മാലേം മീട്ടി ബഗാന്‍റെ യുലെൻ കൊളിനാസ് വീഴ്ത്തി. ബഗാൻ ഗോൾകീപ്പർ ശങ്കറിന് എത്തിപ്പിടിക്കുന്നതിലും അപ്പുറത്തായിരുന്നു മാർക്കസ് തൊടുത്ത പന്തിന്‍റെ യാത്ര.

രണ്ടാംപകുതിയുടെ ആരംഭത്തിലേ ബഗാൻ മുന്നിലെത്തി. കോർണറിൽ തലവച്ച് ഗോൺസാലെസ് വീണ്ടും. ഒപ്പമെത്താൻ ഗോകുലം ആഞ്ഞുശ്രമിച്ചു. മധ്യനിരയിൽ കളിപിടിച്ച് മുന്നേറാനുള്ള ശ്രമം. ആദ്യ പകുതിയിൽ ബഗാൻ പ്രതിരോധം പൂട്ടിട്ട ഹെൻറി കിസേക്ക തെളിഞ്ഞു. അവസാന മിനിറ്റുകളിൽ രണ്ടും കൽപ്പിച്ചുള്ള ഗോകുലത്തിന്റെ മുന്നേറ്റത്തിൽ ബഗാൻ പതറി. മാർക്കസിന്റെ ഫ്രീകിക്കിൽനിന്ന് കിസേക്ക വല കുലുക്കിയെങ്കിലും ഗോൾകീപ്പറെ തടസ്സപ്പെടുത്തിയതായി റഫറി കണ്ടെത്തി. ഗോൾ നിഷേധിച്ചു. പരിക്കുസമയത്തെ മാർക്കസിന്‍റെ ഷോട്ട് ബാറിൽ തട്ടി മടങ്ങി.

ജനുവരി നാലിന് കോഴിക്കോട്ട് ഐസ്വാൾ എഫ്സിക്കെതിരെയാണ് ഗോകുലത്തിന്‍റെ അടുത്ത മത്സരം.