“നരേന്ദ്രമോദിയുടെ സഭയിലാണോ ഇരിക്കുന്നതെന്ന് തോന്നിപ്പോയി”; സഭയില്‍ അംഗത്തിന് പറയാനുള്ളത് പറയാന്‍ പറ്റാത്തത് ഖേദകരം; സ്പീക്കര്‍ക്കെതിരെ കെകെ രമ

Thursday, September 14, 2023

തിരുവനന്തപുരം:  മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ മൈക്ക് ഓഫ് ചെയ്ത സ്പീക്കറുടെ നടപടിയെ വിമര്‍ശിച്ച് കെകെ രമ.
നരേന്ദ്രമോദിയുടെ സഭയിലാണോ ഇരിക്കുന്നതെന്ന് ഒരു നിമിഷം തോന്നിപ്പോയെന്നും ഒരു അംഗത്തിന് പറയാനുള്ളത് പറയാന്‍ കഴിയാത്ത സാഹചര്യം ഖേദകരണമെന്നും കെകെ രമ പറഞ്ഞു.  അഴിമതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ എതിര്‍വാദങ്ങള്‍ ഉന്നയിക്കാം. അംഗത്തെ പറയാന്‍ അനുവദിക്കാത്തത് ഇത് ആദ്യ അനുഭവം അല്ല. അഴിമതിയെ കുറിച്ച് സംസാരിക്കുമ്പോള്‍ നേരത്തെയും ഇങ്ങനെയാണെന്നും ഇത്ര അസഹിഷ്ണുത എന്തിനെന്നും രമ സ്പീക്കറോട് ചോദിച്ചു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ റിമാന്റ് റിപ്പോര്‍ട്ട് നിയമസഭയില്‍ വായിച്ചപ്പോഴാണ് മാത്യു കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്തത്. തുടര്‍ന്ന് സംസാരിക്കാനെത്തിയ കെകെ രമ മാത്യു കുഴല്‍നാടനെതിരായ സ്പീക്കറുടെ നടപടിക്കെതിരെ പ്രതിഷേധമറിയിക്കുകയായിരുന്നു