പാര്‍ട്ടി നേതൃത്വവുമായി പരസ്യപോരിലേക്ക് കടന്ന മുതിര്‍ന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള സി.പി.എം നേതൃത്വത്തിന്റെ ശ്രമങ്ങള്‍ പാളിയതായി സൂചന. കുട്ടനാട്ടില്‍ ഇന്ന് നടക്കുന്ന പ്രധാനപ്പെട്ട പാര്‍ട്ടി പരിപാടിയില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുമെന്ന് വ്യക്തമാക്കി. ‘പരിപാടി അവര്‍ നടത്തിക്കൊള്ളും, എന്റെ ആവശ്യം ഇല്ലല്ലോ’ എന്നതായിരുന്നു സുധാകരന്റെ പ്രതികരണം. കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാതയും ജില്ലാ സെക്രട്ടറി ആര്‍. നാസറും കഴിഞ്ഞ ദിവസം വീട്ടിലെത്തി ക്ഷണിച്ചപ്പോള്‍ പരിപാടിയില്‍ പങ്കെടുക്കാമെന്ന് അദ്ദേഹം അറിയിച്ചിരുന്നെങ്കിലും നിലവിലെ നിലപാട് പാര്‍ട്ടിക്ക് തിരിച്ചടിയാണ്.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആലപ്പുഴയിലെ പാര്‍ട്ടി നേതൃത്വം ജി. സുധാകരനെ ഒരു പരിപാടിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍, ഈ ക്ഷണം വെറും പ്രഹസനം മാത്രമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കാരണം, പരിപാടിയെക്കുറിച്ച് സുധാകരന് നോട്ടീസ് പോലും നല്‍കിയില്ല. ഈ അവഗണനയാണ് അദ്ദേഹത്തെ വേദനിപ്പിച്ചതും പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നുമാണ് സൂചന. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുക്കുന്ന കെ.എസ്.കെ.ടി.യുവിന്റെ മുഖമാസിക ‘കര്‍ഷക തൊഴിലാളി’യുടെ വി.എസ്. അച്യുതാനന്ദന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണമാണ് ഇന്ന് കുട്ടനാട്ടില്‍ നടക്കുന്നത്.
സംസ്ഥാന-കേന്ദ്ര നേതാക്കള്‍ ഒത്തുചേരുന്ന വേദിയില്‍ നിന്ന് സുധാകരന്‍ വിട്ടുനില്‍ക്കുന്നത് ആലപ്പുഴ സി.പി.എം നേതൃത്വത്തിന് വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. നേതൃത്വത്തിനെതിരായ അതൃപ്തി പരസ്യമാക്കുന്നതിനൊപ്പം, തനിക്കെതിരായ അവഗണന ചൂണ്ടിക്കാട്ടാനുള്ള അവസരം കൂടിയാണ് ഈ വിട്ടുനില്‍ക്കലിലൂടെ അദ്ദേഹം ഉപയോഗിക്കുന്നത്. അനുനയ നീക്കങ്ങള്‍ക്കിടയിലും അദ്ദേഹം സ്വീകരിച്ച ഈ കടുത്ത നിലപാട് ആലപ്പുഴയിലെ സി.പി.എം രാഷ്ട്രീയം കൂടുതല്‍ ചൂടുപിടിക്കാന്‍ കാരണമാകും.