കേരളത്തിന്റെ മുഖ്യമന്ത്രി ആരോടും പറയാതെ അമേരിക്കയിൽ ചികിത്സയ്ക്ക് പോയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. അദ്ദേഹം നേരത്തെയും അമേരിക്കയിൽ ചികിത്സയ്ക്ക് പോയിരുന്നു. അമേരിക്കയിൽ പോയി ചികിത്സിക്കുന്നതിന് ഞങ്ങൾ ആരും എതിരല്ല. അദ്ദേഹത്തിന് വിദഗ്ധ ചികിത്സ നൽകണമെങ്കിൽ അതിനും ഞങ്ങൾ എതിരല്ല. പക്ഷെ കേരളത്തിലെ പാവപ്പെട്ട രോഗികൾക്ക് യാതൊരു വിധത്തിലും ആരോഗ്യ മേഖലയിൽ നിന്ന് നീതി കിട്ടാത്ത ഒരു കാലത്ത് അദ്ദേഹം ഇങ്ങനെ പോകുമ്പോൾ വിമർശനം സ്വാഭാവികമാണ്. പാവപ്പെട്ട ജനങ്ങളുടെ പ്രശ്നത്തിന് ഒരു പരിഹാരം കൂടി ഉണ്ടാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മന്ത്രിയുടെ പിടിപ്പുകേട്, ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേട് പരിഹരിച്ചിട്ട് വേണമായിരുന്നു അദ്ദേഹം പോകാൻ. മന്ത്രി വീണാ ജോർജിന്റെ രാജിയെങ്കിലും വാങ്ങിയിട്ട് പോയിരുന്നെങ്കിൽ നമുക്ക് ന്യായീകരിക്കാൻ കഴിയുമായിരുന്നു. ഞാൻ കരുതിയത് അദ്ദേഹം അമേരിക്കയ്ക്ക് പോകുന്നതിന് മുമ്പ് മന്ത്രിയുടെ രാജി എഴുതി വാങ്ങിക്കുമെന്നാണ്.
ഇത്രയും വലിയ ഗുരുതരമായ കുറ്റങ്ങൾ ചെയ്ത, ഇത്രയും വലിയ അനാസ്ഥ കാട്ടിയ ഒരു വകുപ്പാണ്. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ഏതായാലും അമേരിക്കയിലും യുകെയിലും ഒന്നും പോയി ചികിത്സിക്കാൻ കഴിയില്ലല്ലോ. അവരുടെ കാര്യം കൂടി ഗവൺമെന്റ് ശ്രദ്ധിക്കുമെന്ന് ഞാൻ കരുതി. പക്ഷെ ഒന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, ഇന്നലെ പാർട്ടി സെക്രട്ടറി വളരെ നിഷേധാത്മകമായ നിലയിലാണ് ഈ വിഷയത്തെ നേരിട്ടത്.
കേരളത്തിൽ ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്ന ഒരു സീനിയർ ഡോക്ടർ വളരെ വിശദമായി ആരോഗ്യവകുപ്പിനെ വിമർശിക്കുകയും ആശുപത്രികളുടെ നിസ്സഹായ അവസ്ഥ വെളിവാക്കുകയും ചെയ്തു.
ആ ഡോക്ടർ അത് പറയാനുള്ള കാരണം എന്താണ്? സഹികെട്ടാണ് പറഞ്ഞത്. പാവപ്പെട്ട രോഗികൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചെന്നാൽ അവർക്ക് ഓപ്പറേഷൻ നടത്താൻ കഴിയുന്നില്ല, ചികിത്സ കൊടുക്കാൻ കഴിയുന്നില്ല, മരുന്നില്ല, ഉപകരണങ്ങളില്ല, കാലപ്പഴക്കം ചെന്ന ഉപകരണങ്ങൾ. ഈ കാര്യങ്ങളെല്ലാം പറഞ്ഞതിന്റെ പേരിൽ ആ ഡോക്ടറെ എന്തുമാത്രം ആക്ഷേപിച്ചു.
കോട്ടയത്ത് മെഡിക്കൽ കോളേജിൽ രണ്ട് മന്ത്രിമാർ സന്ദർശിക്കുന്ന വേളയിലാണ് ഒരു പഴയ കെട്ടിടം പൊളിഞ്ഞ് പൊളിഞ്ഞ് വീണത്. അപ്പോൾ അടിയന്തര രക്ഷാപ്രവർത്തനം നടത്തുന്നതിന് പകരം ഈ മന്ത്രിമാർ എടുത്ത നിലപാട് ആർക്കും പരിക്കില്ലെന്നാണ്.
ഒരു പാവപ്പെട്ട സ്ത്രീ അന്ത്യശ്വാസം വലിക്കുകയായിരുന്നു അതിന്റെകത്ത് കിടന്ന് എന്നോർക്കണം. ഇത്രയും നിരുത്തരവാദപരമായ കാര്യങ്ങൾ ചെയ്യുന്ന, കേരളത്തിൻറെ പുകൾപെറ്റ ആരോഗ്യമേഖലയെ അവതാളത്തിൽ ആക്കിയ മന്ത്രിയുടെ രാജി വാങ്ങിയിട്ട് വേണമായിരുന്നു മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാൻ. ഞാൻ വീണ്ടും ആവർത്തിക്കുന്നു, ഞങ്ങൾ ആരും മുഖ്യമന്ത്രി വിദഗ്ധ ചികിത്സയ്ക്ക് പോകുന്നതിന് എതിരല്ല. പക്ഷെ കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് കൂടി മെച്ചപ്പെട്ട ചികിത്സ നൽകാൻ ഉത്തരവാദിത്തപ്പെട്ട ആൾ കൂടിയാണ് മുഖ്യമന്ത്രി എന്നത് മറക്കരുത്.
കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പിൻറെ കുത്തഴിഞ്ഞ അവസ്ഥയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് എത്രയും പെട്ടെന്ന് വീണാ ജോർജ് സ്വയം മുന്നോട്ട് വന്ന് രാജി വെക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഇല്ലെങ്കിൽ മുഖ്യമന്ത്രി ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.