
താമരശ്ശേരി അമ്പായത്തോട് ഫ്രഷ്‌കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന് മുന്നിലെ സംഘര്‍ഷത്തിന്റെ ഭീതിയൊഴിയാതെ പ്രദേശത്തെ കുട്ടികള്‍. കൂടത്തായി സെന്റ് ജോസഫ് എല്‍പി സ്‌കൂളില്‍ കുട്ടികള്‍ എത്തുന്നില്ല. ഭയം കൊണ്ടാണ് കുട്ടികള്‍ സ്‌കൂളില്‍ എത്താത്തത് എന്ന് അധ്യാപകര്‍ പറയുന്നു. പൊലീസിനെ പേടിച്ചു രാത്രിയില്‍ ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നും സ്‌കൂളില്‍ പോകാന്‍ കഴിയുന്നില്ലെന്നും കുട്ടികളും പറയുന്നു.
ആളൊഴിഞ്ഞ വീടുകള്‍, അച്ഛനമ്മമാര്‍ എവിടെയാണെന്നറിയാത്ത കുട്ടികള്‍ ഭയം നിറഞ്ഞ കുഞ്ഞു മുഖങ്ങള്‍. ഫ്രഷ് കട്ട് സംഘര്‍ഷം ബാക്കിയാക്കിയത് ഇതൊക്കെയാണ്. പൊലീസുകാര്‍ രാത്രികാലങ്ങളിലും വീടുകള്‍ കയറിയിറങ്ങുമ്പോള്‍ പിടയുന്ന കുഞ്ഞുമനസ്സ്. പരീക്ഷ കാലം അടുക്കുമ്പോള്‍ പഠനം മുടങ്ങുന്നതിന്റെ ആശങ്കയിലാണ് രക്ഷിതാക്കള്‍.
കൂടത്തായി സെന്റ് ജോസഫ് എല്‍ പി സ്‌കൂളില്‍ 60 കുട്ടികള്‍ പഠിച്ചിരുന്നു. ഇപ്പോള്‍ സ്‌കൂളിലെത്തുന്നത് നാലോ അഞ്ചോ കുട്ടികള്‍ മാത്രം. ഒളിവില്‍ പോയവരിലും വിദ്യാര്‍ത്ഥികള്‍ ഉണ്ട്. കാലാകാലങ്ങളായി സഹിക്കുന്ന ദുര്‍ഗന്ധത്തില്‍ നിന്നും ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും മോചനത്തിനായി സമരത്തിനിറങ്ങിയവരാണ് ഇപ്പോള്‍ ഭീതിയില്‍ കഴിയുന്നത്.