‘ഐ ആം യുവര്‍ ബോസ്’ രാഷ്ട്രീയ പ്രതിനിധികളെ ചൊടിപ്പിച്ച് ടീക്കാ റാം മീണ

Jaihind Webdesk
Wednesday, March 13, 2019

പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ നാടകീയ രംഗങ്ങള്‍. തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടീക്കാ റാം മീണയും രാഷ്ട്രീയ പ്രതിനിധികളും തമ്മില്‍ ചെറിയ തോതില്‍ വാക്കേറ്റമുണ്ടായി.  ‘ഐ ആം യുവര്‍ ബോസ്’ എന്ന്  ടീക്കാ റാം മീണ പറഞ്ഞതാണ് പ്രതിനിധികളെ ചൊടിപ്പിച്ചത്.

ഞാന്‍ നിങ്ങളുടെ ബോസാണെന്നും പറയുന്ന കാര്യങ്ങള്‍ അനുസരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. ഇതോടെ  നിങ്ങള്‍ എങ്ങനെ ഞങ്ങളുടെ ബോസാകുമെന്ന ചോദ്യം രാഷ്ട്രീയ നേതാക്കളും ഉയര്‍ത്തി.  തെരഞ്ഞെടുപ്പ് കമ്മിഷണര്‍  നിയമപരമായല്ല കാര്യങ്ങള്‍ കാണുന്നതെന്നും രാഷ്ട്രീയ നേതാക്കളുമായുള്ള ചര്‍ച്ചയില്‍  പരസ്പര ബഹുമാനം ആവശ്യമാണെന്നും നേതാക്കള്‍ ആരോപിച്ചു.  ഇരിക്കാന്‍ കസേര പോലും നല്‍കിയില്ലെന്ന് പല നേതാക്കളും പരാതിപ്പെട്ടു.

എന്നാല്‍ സി.ഇ.ഒയുടെ ഓഫീസ് പരിമിതിക്കുള്ളിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്നും ഇത് എല്ലാവരും മനസിലാക്കണമെന്നും മീണ ആവശ്യപ്പെട്ടു. തന്നെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കരുത് എന്ന താക്കീതും അദ്ദേഹം നൽകി.

യോഗം തുടങ്ങുന്നതിനുമുമ്പ് മാധ്യമപ്രവര്‍ത്തകരെ മുറിക്കുള്ളിലേക്ക് കടക്കാന്‍ അനുവദിച്ചിരുന്നു. നേതാക്കളുമായി തര്‍ക്കം മുറുകിയതോടെ മാധ്യമപ്രവര്‍ത്തകരോട് ഹാള്‍ വിട്ട് പുറത്തുപോകാന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആവശ്യപ്പെട്ടു.