DONALD TRUMP| ‘യുദ്ധങ്ങള്‍ പരിഹരിക്കുന്നതില്‍ താന്‍ വിദഗ്ധന്‍; വ്യാപാര ഭീഷണി ഉയര്‍ത്തിയാണ് ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത്’-വീണ്ടും അവകാശവാദവുമായി ട്രംപ്

Jaihind News Bureau
Monday, October 13, 2025

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിച്ചത് വ്യാപാര ഭീഷണി ഉയര്‍ത്തിയാണെന്ന് വീണ്ടും അവകാശപ്പെട്ടു. ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശത്തിലാണ് തീരുവകള്‍ ചുമത്തുമെന്ന ഭയം സൃഷ്ടിച്ചാണ് താന്‍ യുദ്ധം അവസാനിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞത്. ഗാസയിലെ വെടിനിര്‍ത്തലിനെ താന്‍ പരിഹരിച്ച എട്ടാമത്തെ യുദ്ധമായാണ് ട്രംപ് വിശേഷിപ്പിച്ചത്.

തന്റെ ഇടപെടല്‍ വിശദീകരിച്ചുകൊണ്ട് ട്രംപ് പറഞ്ഞു: ‘ഇന്ത്യയെയും പാകിസ്ഥാനെയും കുറിച്ച് ചിന്തിക്കൂ. ചില യുദ്ധങ്ങള്‍ 31, 32 അല്ലെങ്കില്‍ 37 വര്‍ഷം നീണ്ടുനിന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ മരിച്ചു. അവയില്‍ മിക്കതും ഞാന്‍ ഒരു ദിവസത്തിനുള്ളില്‍ പരിഹരിച്ചു. നിങ്ങള്‍ രണ്ടുപേരും യുദ്ധത്തിനു പോയാല്‍, ഞാന്‍ നിങ്ങളുടെ മേല്‍ 100%, 150%, 200% എന്നിങ്ങനെ തീരുവകള്‍ ചുമത്തുമെന്ന് ഇന്ത്യയോടും പാക്കിസ്ഥാനോടും പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ അത് പരിഹരിച്ചു. തീരുവകള്‍ ഇല്ലായിരുന്നുവെങ്കില്‍, ഈ യുദ്ധം ഒരിക്കലും അവസാനിക്കുമായിരുന്നില്ല.’

യുദ്ധങ്ങള്‍ പരിഹരിക്കുന്നതില്‍ താന്‍ വിദഗ്ധനാണെന്ന് അവകാശപ്പെട്ട ട്രംപ്, ‘ഗാസയിലേത് ഞാന്‍ പരിഹരിച്ച എന്റെ എട്ടാമത്തെ യുദ്ധമായിരിക്കും. ഇപ്പോള്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ഒരു സംഘര്‍ഷം നടക്കുന്നുണ്ട്, ഞാന്‍ തിരിച്ചെത്തുമ്പോള്‍ അത് പരിഹരിക്കും,’ എന്നും കൂട്ടിച്ചേര്‍ത്തു. നൊബേല്‍ സമ്മാനത്തിനുവേണ്ടിയല്ല താന്‍ ഇതൊന്നും ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.